പശുവിന്റെ വായ അടച്ചുവെച്ചിട്ട് പാല്‍ പ്രതീക്ഷിക്കരുത്; റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാനുള്ള അവകാശമില്ലെന്ന് അല്‍ഫോന്‍സ് പുത്രന്‍

സിനിമ എടുക്കാന്‍ ലോണ്‍ അനുവദിക്കാത്ത റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. സിനിമയെ കൊല്ലുന്ന ഈ ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അല്‍ഫോണ്‍സ് പുത്രന്‍ സോഷ്യല്‍മീഡിയയിലെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

‘സിനിമ നിര്‍മ്മിക്കാന്‍ റിസര്‍വ് ബാങ്ക് ബാങ്ക് ലോണ്‍ നല്‍കാത്തതിനാല്‍… എല്ലാ റിസര്‍വ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിര്‍ത്താന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്ക് ഒരു സിനിമയും കാണാന്‍ അവകാശമില്ല,

പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാല്‍ പ്രതീക്ഷിക്കരുത്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് സിനിമയെ കൊല്ലുന്ന ഗുരുതരമായ ഈ വിഷയം പരിശോധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ കുറിച്ചത്.

പൃഥ്വിരാജ് നായകനായി എത്തിയ ഗോള്‍ഡ് ആണ് അല്‍ഫോണ്‍സിന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ ചിത്രത്തിന് പക്ഷേ പ്രേക്ഷക പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനായില്ല. ചിത്രം ഇഷ്ടപ്പെടാത്ത പ്രേക്ഷകരുടെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അതേസമയം തന്റെ പുതിയ തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് അല്‍ഫോന്‍സ് ഇപ്പോള്‍.