കമലഹാസന്‍ 25 കൊല്ലം മുമ്പ് ലിപ് ലോക്ക് ചെയ്തപ്പോഴും ഇങ്ങനെയായിരുന്നു, കുറച്ച് കപട സദാചാരത്തിന്റെ പ്രശ്നം തന്നെയാണ്: ടൊവിനോ തോമസ്

താന്‍ ചെയ്ത സിനിമകളില്‍ ചുംബിക്കുന്ന സീനുകള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നത് കപട സദാചാരത്തിന്റെ പ്രശ്‌നമാണെന്ന് നടന്‍ ടൊവിനോ തോമസ്. തന്റെ ഭാര്യയുടെയും മകളുടെയും ഭാവിയെ കുറിച്ച് ആളുകള്‍ പറയുന്നതും വിമര്‍ശിക്കുന്നതും കേട്ട് താനും ഭാര്യയും ചിരിക്കാറാണ് പതിവെന്നും ടൊവിനോ പറയുന്നു.

“”കമലഹാസന്‍ 25 കൊല്ലം മുമ്പ് ലിപ് ലോക്ക് ചെയ്തപ്പോഴും ഇങ്ങനെയായിരുന്നു. എന്നിട്ടും അദ്ദേഹം നല്ല നിലയില്‍ തന്നെ ഇല്ലേ. എന്റെ ഭാര്യയെ പറ്റിയും എന്റെ കുടുംബത്തെ പറ്റിയും ആലോചിക്കാന്‍ നിറയെ ആള്‍ക്കാരുണ്ട്. അവരു പോലും ചിന്തിക്കാത്ത തരത്തില്‍ അവരുടെ ഭാവിയെപ്പറ്റി, ഫീലിങ്ങ്സിനെ പറ്റി ചിന്തിച്ച ആള്‍ക്കാരുണ്ട് അതില്‍ വളരെ സന്തോഷമുണ്ട്. ഞാന്‍ ഇല്ലെങ്കിലും അവരൊക്കെ സുഖമായും സ്വസ്ഥമായും സമ്പല്‍ സമൃദ്ധിയോടെ ജീവിക്കും. ഞാനും എന്റെ ഭാര്യയും ഇതൊക്കെ കേട്ട് ചിരിക്കാറാണ് പതിവ്.””

“”ബാക്കി ഉള്ളവരുടെ ജീവിതത്തെ പറ്റി ഇത്രയും ആലോചിക്കുന്ന വേറെ ആളുണ്ടാകുമോ, ഞങ്ങള്‍ ചിരിക്കയാണ് ചെയ്യാറ്. ഞാനും എന്റെ ഭാര്യയും പണ്ട് കാലം തൊട്ട് അറിയുന്നവരാണ്. ഭാര്യയോട് അനുവാദവും സമ്മതവുമൊക്കെ വാങ്ങിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്ന എന്ത് രംഗമാണെങ്കിലും നടന്‍ എന്ന തരത്തില്‍ ഉത്തരവാദിത്വമാണ് അത് എന്തായാലും ചെയ്യും. ക്യാമറക്ക് മുന്നില്‍ ചെയ്യുന്നത് അഭിനയം തന്നെയാണ്”” എന്നും ടൊവിനോ പറയുന്നു.

Read more