'ഞാനിപ്പോഴും ബി.പി കയറി ബെഡില്‍ തന്നെയാണ്, പത്തു മിനിട്ടോളം ഞങ്ങള്‍ സംസാരിച്ചു'; സുരേഷ് ഗോപി വിളിച്ചതിനെ കുറിച്ച് തരുണ്‍ മൂര്‍ത്തി

ഓപ്പറേഷന്‍ ജാവ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും സിനിമാതാരങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് തരുണ്‍ മൂര്‍ത്തി. സുരേഷ് ഗോപി ഫോണില്‍ വിളിച്ച് അഭിനന്ദിച്ച സന്തോഷമാണ് തരുണ്‍ മൂര്‍ത്തി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

“”ദൈവമേ എന്ത് നല്ല ദിവസമാണ്. സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി ഫോണിന്റെ അപ്പുറത്തെ അറ്റത്ത്, സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും, സാങ്കേതികതയെ കുറിച്ചുമെല്ലാം പത്തു മിനിട്ടോളം സംസാരിച്ചു. ഞാനിപ്പോഴും ബിപി കയറി ബെഡില്‍ തന്നെയാണ്. നന്ദി സാര്‍”” എന്നാണ് തരുണ്‍ മൂര്‍ത്തി കുറിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍, പൃഥ്വിരാജ് എന്നിവര്‍ സിനിമ കണ്ട് അഭിനന്ദിച്ചതിനെ കുറിച്ചും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. തരുണ്‍ മൂര്‍ത്തി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ലുക്ക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.