'നിന്റെ കൂടെയുള്ളവരെല്ലാം ബുദ്ധിയില്ലാത്തവരാകും, നീ പോയി ചിന്തിക്ക്' എന്ന് വിനായകന്‍ ചേട്ടന്‍, അന്ന് പൂര ഉടക്കയിരുന്നു: തരുണ്‍ മൂര്‍ത്തി

ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിനായി വിനായകനെ സമീപിച്ചതും അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും പറഞ്ഞ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ചിത്രത്തിന്റെ കഥ പറയാനായി വിനായകന്റെ അടുത്ത് പോയപ്പോള്‍ ചെയ്യാമെന്ന് സമ്മതിച്ചു. എന്നാല്‍ പിന്നീട് വിനായകന്റെ ഭാഗങ്ങള്‍ പറയാമെന്ന് വിചാരിച്ച് പോയപ്പോള്‍ പൂരം അടിയായിരുന്നു എന്നാണ് തരുണ്‍ മൂര്‍ത്തി.

ആദ്യമായി വിനായകനെ കാണാന്‍ പോയപ്പോള്‍ ഇതാണ് കഥയെന്നും കഥാപാത്രമെന്നും പറഞ്ഞപ്പോള്‍, എടാ നമുക്കിത് ചെയ്യാമെന്ന് അപ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞു. വേറൊരു ദിവസം ചെന്നു. എന്നാല്‍ അന്ന് പൂര ഉടക്കായിരുന്നു. ഇതിനകത്ത് ഇങ്ങനെയാരു ഭാഗം കൂടി വന്നില്ലെങ്കില്‍ ശരിയാവില്ല എന്നൊക്കെ പുള്ളി പറഞ്ഞു.

അത് പറ്റില്ലെന്നും താന്‍ അത്രയും പ്ലാന്‍ ചെയ്ത് വെച്ചിരിക്കുകയാണെന്ന് പറഞ്ഞു. ‘എന്നാല്‍ നിന്റെ കൂടെയിരിക്കുന്നവന്‍മാരൊക്കെ ബുദ്ധിയില്ലാത്തവരായിരിക്കും. നീ ഒന്നുകൂടി അവര്‍ക്കൊപ്പം പോയി ഇരുന്ന് ചിന്തിക്ക്’ എന്ന് പറഞ്ഞു. പുള്ളി അത്രയും ജനുവിന്‍ ആയിട്ടുള്ള ഒരാളാണ്. കപടമായ ഒന്നുമില്ല. അങ്ങനെ താന്‍ തിരിച്ചു പോകുന്നതിനിടെ വീണ്ടും തന്നെ ഫോണില്‍ വിളിച്ചു.

‘എടാ മോനേ ഞാന്‍ സീരിയസായിട്ട് പറയുകയാണ്, നീ ഇങ്ങനെ ഒരു ആസ്പെക്ട് കൂടി ആലോചിച്ച് നോക്കൂ’ എന്ന് പറഞ്ഞു. അങ്ങനെ ചേട്ടന്‍ പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കൂടി ചിന്തിച്ചു നോക്കിയപ്പോള്‍ അതില്‍ ഒരു പോയിന്റുണ്ടെന്ന് മനസിലായി. ഒന്നോ രണ്ടോ ഡയലോഗ് ഉള്‍പ്പെടുത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് താന്‍ ഇങ്ങനെ കിടന്ന് ബഹളം വെച്ചത്.

സിനിമയില്‍ വിനായകന്‍ ചേട്ടന്റെ ഭാര്യയായി ആര് അഭിനയിക്കും എന്നതായിരുന്നു പിന്നെ തങ്ങള്‍ക്ക് മുന്നിലുള്ള ചോദ്യം. പലരേയും നോക്കി. ഒടുവില്‍ ധന്യയെ തീരുമാനിച്ചു. അതിന് ശേഷം വിനായകന്‍ ചേട്ടനോട് ചോദിച്ചപ്പോഴും പുതിയ ആരെങ്കിലും ആണെങ്കില്‍ നന്നാവും എന്നായിരുന്നു പുള്ളിയും പറഞ്ഞത്. അങ്ങനെയാണ് ധന്യയെ തീരുമാനിക്കുന്നതെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു.