വിവാദങ്ങളൊന്നുമില്ലെന്നും ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള വലിയ വിഷയമാണ് സംസാരിക്കുന്നതെന്നും നടൻ സുരേഷ് ഗോപി. ചിത്രത്തിന്റെ ആദ്യ പ്രദർശനം കാണാൻ തൃശൂർ രാഗം തിയേറ്ററിൽ എത്തിയപ്പോഴാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിവാദങ്ങൾ മാറ്റി നിർത്തിയാൽ ചിത്രം നൽകുന്ന സന്ദേശമെന്താണെന്ന ചോദ്യത്തിനാണ് നടൻ മറുപടി നൽകിയത്. ജെഎസ്കെ ചിത്രത്തിന് വലിയ സ്വീകാര്യയാണ് ലഭിക്കുന്നത്. വിവാദങ്ങളൊന്നുമില്ല, അതൊക്കെ എല്ലാവർക്കും അറിയാമെന്ന് സുരേഷ് ഗോപി പറയുന്നു.
‘സിനിമ വലിയ ഒരു വിഷയമാണ് സംസാരിക്കുന്നത്. ചർച്ച ചെയ്യുന്നത്. ആ വിഷയം ഇങ്ങനെ വിവാദങ്ങളുയർത്തി ഇല്ലാതാക്കാൻ പാടില്ല. കാരണം ഈ സിനിമ പെൺകുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സിനിമ എല്ലാവരെയും ചിന്തിപ്പിക്കും. അതിന് വേണ്ടിയുളള ശബ്ദം ഉയരട്ടെ എന്നാണ് ആഗ്രഹം. ജാനകി വിദ്യാധരന്റെ ശബ്ദം സമൂഹത്തിന്റെ, പ്രത്യേകിച്ച് കൊച്ചുപെൺകുട്ടികളുടെ വളരെ വലിയ ശബ്ദമായി മാറട്ടെ’, സുരേഷ് ഗോപി പറഞ്ഞു.
Read more
സ്ത്രീ സുരക്ഷയുടെ കാര്യത്തില് നിയമ നിർമാണത്തിൽ മാറ്റം കൊണ്ടുവരാൻ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും, എല്ലാവരെയും ചിന്തിപ്പിക്കുന്ന വിപ്ലവാത്മക സിനിമയാകാനുള്ള ശക്തി ഈ ചിത്രത്തിനുണ്ടെന്നും നടൻ അഭിപ്രായപ്പെട്ടു. പ്രവീൺ നാരായൺ സംവിധാനം ചെയ്ത ജെഎസ്കെയിൽ അനുപമ പരമേശ്വരനാണ് നായികാവേഷത്തിലെത്തുന്നത്. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.









