ഒരു ബക്കറ്റ് വെള്ളത്തില്‍ കുളിക്കാന്‍ വരെ എനിക്ക് പേടിയാ.. ആ എന്നെ നടുക്കടലില്‍ കൊണ്ടുപോയി ഇട്ടു.. നിന്നത് മാത്രം ഓര്‍മ്മയുണ്ട്: സുധീര്‍ കരമന

‘ആയുധം’ എന്ന സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ പോയതിനെ കുറിച്ച് പറഞ്ഞ് നടന്‍ സുധീര്‍ കരമന. സുരേഷ് ഗോപിയെ നായകനാക്കി എം.എ നിഷാദ് സംവിധാനം ചെയ്ത ചിത്രമാണ് ആയുധം. ഒരു തോണിയില്‍ നടുക്കലിലേക്ക് പോയി തിരിച്ചു വരുന്ന രംഗത്തിലാണ് തന്നെ അഭിനയിപ്പിച്ചത്. ഒരു ബക്കറ്റ് വെള്ളത്തില്‍ കുളിക്കാന്‍ പേടിയുള്ള തന്നെയാണ് നടുക്കലില്‍ എത്തിച്ചത് എന്നാണ് സുധീര്‍ പറയുന്നത്.

”എം.എ നിഷാദ് സംവിധാനം ചെയ്ത ആയുധം ആണ് ആദ്യം അഭിനയിക്കുന്ന സിനിമ. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ആണ് വരാന്‍ പറഞ്ഞത്. ചെന്നപ്പോള്‍ സുരേഷ് ഗോപി ചേട്ടന്‍ ഒക്കെ ഉണ്ടായിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഷൂട്ട് കഴിഞ്ഞ് അവര്‍ ഇറങ്ങി. സുരേഷേട്ടന്‍ സംസാരിച്ചു, പോയി. ബ്രേക്ക് ആയപ്പോള്‍ കോവളത്ത് ആണ് ഷൂട്ട് എന്ന് പറഞ്ഞു.”

”മൂന്ന് മണി കഴിഞ്ഞപ്പോള്‍ കോവളത്തേക്ക് പോയി. നാല് മണി ആയപ്പോ മേക്കപ്പിട്ടു. ഒരു ബീച്ചിലാണ്… തോണിയില്‍ ആളുകളൊക്കെ വലിയ തിരമലായില്‍ ഒക്കെ ചാടി മീന്‍ പിടിച്ച് വരുന്നുണ്ട്. അത് കണ്ട് സംസാരിച്ച് ചിരിച്ച് ഒക്കെ ഞാന്‍ ഇരുന്നു. പിന്നെ എന്നോട് വന്നിട്ട് പറഞ്ഞു പോകമെന്ന്. ഒരു തോണിയില്‍ ഞാന്‍ ഇതുപോലെ പോകണം. എങ്ങനെ പറ്റില്ലെന്ന് പറയും? എങ്ങനെയൊക്കെയോ പോയി.”

”ഞാന്‍ ബോട്ടില്‍ പിടിച്ച് മറിഞ്ഞ് കിടക്കുവാ.. ഫോണ്‍ ഓണ്‍ ചെയ്ത് വെക്കാന്‍ പറഞ്ഞു. ഞാന്‍ ഫോണ്‍ ചെയ്ത് വച്ച് ഇങ്ങനെ കിടക്കുവാ.. വിളിക്കുന്നില്ല. ആരും വിളിക്കുന്നില്ല.. ദൂരെ എത്തിയപ്പോള്‍ ഞാന്‍ വിളിച്ചു.. പോക്കോന്ന് പറഞ്ഞ്. കുറേ ദൂരം കഴിഞ്ഞപ്പോള്‍ ആ മതിയെന്ന് പറഞ്ഞ്. ബോട്ടിലെ പയ്യന്‍ പറഞ്ഞു ‘എനിക്ക് നീന്തം അറിയില്ല’. എനിക്കും അറിയില്ല.”

”ഒരു ബക്കറ്റ് വെള്ളത്തില്‍ കുളിക്കാന്‍ വരെ പേടിയാ.. അപ്പോ ബോട്ട് ഒടിക്കുന്നവന്‍ പറയുകയാ ‘പറഞ്ഞിരുന്നേല്‍ ലൈഫ് ജാക്കറ്റ് എങ്കിലും എടുത്ത് ഇടാം’ എന്നായിരുന്നു. സണ്‍സെറ്റ് ആയപ്പോള്‍ വന്നോളൂന്ന് പറഞ്ഞു. ഞാന്‍ കിടന്ന് വരികയാ.. അപ്പോ ഫോണ്‍ വന്നു.. എണീറ്റ് മുന്നില്‍ നില്‍ക്കാന്‍ പറഞ്ഞ്.. വരുന്നത് വരട്ടെ എന്ന് പറഞ്ഞ് നിന്നത് മാത്രം എനിക്ക് ഓര്‍മ്മയുണ്ട്..” എന്നാണ് സുധീര്‍ കരമന ഒരു അഭിമുഖത്തില്‍ പറയുന്നത്.