'ലോക്ഡൗണ്‍ രണ്ടു പതിറ്റാണ്ടു മുമ്പ് കിട്ടിയിരുന്നെങ്കില്‍ അച്ഛനെ കൊതി തീരെ അടുത്തു കാണാമായിരുന്നു'

മലയാള സിനിമയിലെ പ്രതിഭാശാലികളില്‍ ഒരാളായിരുന്നു കരമന ജനാര്‍ദ്ദനന്‍ നായര്‍. അദ്ദേഹം വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം തികയുകയാണ്. അഭിനയത്തിലും ജീവിതത്തിലും എന്നു പ്രചോദനമായിരുന്ന അച്ഛനെ തിരക്കൊഴിഞ്ഞ് ഒരിക്കലും തങ്ങള്‍ മക്കള്‍ കണ്ടിട്ടില്ലെന്നാണ് മകന്‍ സുധീര്‍ കരമന പറയുന്നത്.

ലോക്ഡൗണ്‍ രണ്ടു പതിറ്റാണ്ടു മുമ്പ് കിട്ടിയിരുന്നെങ്കില്‍ അച്ഛനെ കൊതി തീരെ അടുത്തു കാണാമായിരുന്നു എന്നാണ് സുധീര്‍ ചിന്തിക്കുന്നത്. ഇന്നലെ പേരൂര്‍ക്കട ഇന്ദിരാ നഗറിലെ വീട്ടില്‍ മക്കളെല്ലാവരും എത്തി. ഏറെ നേരും അമ്മയുമൊത്തു ചെലവഴിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ച ദിവസം മുതല്‍ ഷൂട്ടിംഗ് തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വീട്ടില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് സുധീര്‍.

പ്രോവിഡന്റ് ഫണ്ട് വകുപ്പില്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ജനാര്‍ദ്ദനന്‍ നായര്‍. തമിഴ്‌നാട്ടിലും വടക്കന്‍ സംസ്ഥാനങ്ങളിലുമായിരുന്നു കൂടുതല്‍ ജോലി നോക്കിയത്. ഇതിനിടെയാണ് സിനിമാ അഭിനയവും നാടക പരിശീലനവുമെല്ലാം. തിരക്കു കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുക പരമാവധി ഒരാഴ്ച. മക്കള്‍ക്ക് അദ്ദേഹത്തെ അടുത്തു കിട്ടുക ഈ സമയത്തു മാത്രമാണ്. 2000 ഏപ്രില്‍ 24- ന് ആയിരുന്നു കരമനയുടെ മരണം.