എന്നെ അത്ഭുതപ്പെടുത്തി; നന്‍പകല്‍ നേരത്തെ കുറിച്ച് ശ്രീകുമാരന്‍ തമ്പി

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന സംവിധായകനും പാട്ടെഴുത്തുകാരനുമൊക്കെയായ ശ്രീകുമാരന്‍ തമ്പി. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം അന്തര്‍ദേശീയ നിലവാരത്തിലാണെന്ന് പറയുന്നു അദ്ദേഹം.

നന്‍പകല്‍ നേരത്ത് മയക്കം കണ്ടു. നടന്‍ എന്ന നിലയിലും നിര്‍മ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരം പുലര്‍ത്തുന്നു. ലിജോ ജോസ് പല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരന്‍ ഉയരങ്ങള്‍ കീഴടക്കാനിരിക്കുന്നതേയുള്ളൂ.

അമ്പത്തേഴ് വര്‍ഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചിലവാക്കിയ എന്നെ അദ്ഭുതപ്പെടുത്തിയ അപൂര്‍വം ചിത്രങ്ങളിലൊന്നാണ് നന്‍പകല്‍ നേരത്ത് മയക്കം, ശ്രീകുമാരന്‍ തമ്പി കുറിച്ചു.

മലയാളിയായ ജെയിംസ്, തമിഴനായ സുന്ദരം എന്നിങ്ങനെ രണ്ട് ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. തന്റെ മുന്‍ സിനിമകളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ നന്‍പകല്‍ ഒരുക്കിയിരിക്കുന്നത്.