'തുടരും' സിനിമയുടെ റിലീസിന് സ്‌പെഷ്യല്‍ പ്രാര്‍ത്ഥന.. 20 വര്‍ഷത്തിന് മേലെയായി പൊങ്കാല ഇടുന്നു: ചിപ്പി രഞ്ജിത്ത്

എല്ലാ വര്‍ഷം ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ചിപ്പി രഞ്ജിത്ത്. ഇരുപത് വര്‍ഷത്തില്‍ കൂടുതലായി പൊങ്കാല ഇടാന്‍ ആരംഭിച്ചിട്ട് എന്നാണ് ചിപ്പി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടുംപോയിട്ടുണ്ട്. ‘തുടരും’ സിനിമയുടെ റിലീസ് ഉടനെ നടക്കും, അതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് പൊങ്കാല ഇടുന്നത് എന്നാണ് ചിപ്പി പറയുന്നത്.

”ഇത് എത്രാമത്തെ പൊങ്കാല ആണെന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഇരുപത് വര്‍ഷത്തിന് മേലെ ഉണ്ടാകും. ഒരുപാട് വര്‍ഷമായില്ലേ. എല്ലാ വര്‍ഷവും തുടര്‍ച്ചയായി പൊങ്കാല ഇടുന്നുണ്ട്. ചെറുപ്പം മുതലേ ഇടുന്നതാണ്. ഇടയ്ക്ക് വിട്ടും പോയിട്ടുണ്ട്. അതുകൊണ്ട് കൃത്യമായി പറയാനാവില്ല. എന്നാലും ഓരോ തവണ വരുമ്പോഴും പുതുതായി വരുമ്പോലെ ആണ് തോന്നുന്നത്.”

”ഇക്കൊല്ലം തിരക്ക് നല്ല കൂടുതലാണ്. ക്ഷേത്രത്തില്‍ പോയപ്പോഴൊക്കെ നല്ല തിരക്കുണ്ട്. തുടരും സിനിമ ഉടന്‍ റിലീസ് ഉണ്ടാകും. അതിന്റെ പ്രാര്‍ത്ഥനയും ഒക്കെയായിട്ടാണ് ഇത്തവണ ഞാന്‍ വന്നിരിക്കുന്നത്. അതൊരു സ്‌പെഷ്യല്‍ പ്രാര്‍ത്ഥനയായിട്ടുണ്ട്” എന്നാണ് ചിപ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

നടി ആനി, പാര്‍വതി ജയറാം എന്നിവരും പൊങ്കാല ഇടാന്‍ എത്തിയിട്ടുണ്ട്. പാര്‍വതിക്കൊപ്പം കാളിദാസിന്റെ ഭാര്യ താരിണിയും മാളവികയുടെ ഭര്‍തൃ വീട്ടുകാരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. അതേസമയം, ഉച്ചയ്ക്ക് 1.15ന് ആണ് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരല്‍കുത്തും. 11.15ന് ആണ് മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്ത്.

Read more