'സ്ത്രീ കഥാപാത്രങ്ങളാണ് ആദ്യം ചെയ്തത്, എന്നാല്‍ 'സ്ഫടികം ജോര്‍ജിനെ' കണ്ടപ്പോള്‍ ആളുകള്‍ പേടിച്ചു മാറി നിന്നു'

പൊലീസ് വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് സ്ഫടികം ജോര്‍ജ്. സ്ഫടികം എന്ന സിനിമയിലെ എസ്‌ഐ കുറ്റിക്കാടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ക്രൂരനായ വില്ലനില്‍ നിന്നും കോമഡി കഥാപാത്രങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ് സ്ഫടികം ജോര്‍ജ് ഇപ്പോള്‍.

ഒരു നടനെന്ന നിലയില്‍ പല കാര്യങ്ങളും പഠിക്കാന്‍ നാടകം സഹായിച്ചിട്ടുണ്ട് എന്നാണ് ജോര്‍ജ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ താന്‍ സ്‌കൂളില്‍ നാടകങ്ങള്‍ ചെയ്യുമായിരുന്നു. പത്താം ക്ലാസ് വരെ ചെയ്ത നാടകങ്ങളിലെല്ലാം സ്ത്രീ വേഷങ്ങളിലാണ് അഭിനയിച്ചത്.

സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മുടെ പേശികള്‍ക്കൊക്കെ കൂടുതല്‍ ചലനം കൊടുക്കേണ്ടി വരും. അത് പിന്നീടുള്ള അഭിനയത്തില്‍ തനിക്ക് ഏറെ ഗുണം ചെയ്തിരുന്നു. ഒരു നടനെന്ന നിലയില്‍ പല കാര്യങ്ങളും പഠിക്കാന്‍ നാടകം സഹായിച്ചിട്ടുണ്ട്. എന്നാല്‍ നാടകത്തെ പോലെയല്ല സിനിമയിലെ അഭിനയം.

പക്ഷേ, അവിടെയും നാടകം പകര്‍ന്ന ചില പാഠങ്ങള്‍ നമുക്ക് പ്രയോജനപ്പെടും. കഥാപാത്രമായി മാറുന്നതിലെ മികവാണ് ഒരു നടനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. രണ്ടു പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ഫടികത്തിലെ കുറ്റിക്കാടനെ ഓര്‍ക്കുമ്പോള്‍ ആളുകള്‍ വിറയ്ക്കുന്നുണ്ട്. സ്ഫടികം ജോര്‍ജിനെ കാണുമ്പോള്‍ പേടിച്ചു മാറിയിരുന്നു.

ആളുകള്‍ക്ക് തന്നെ കാണുന്നത് പേടിയായിരുന്നു. അതു തന്നെയാണ് തന്റെ അഭിനയത്തിന്റെ മികവെന്ന് വിശ്വസിക്കുന്നു. തനിക്ക് മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞത് ഒപ്പം മികച്ച നടന്‍മാര്‍ ഉണ്ടായിരുന്നതു കൊണ്ട് മാത്രമായിരുന്നുവെന്നും സ്ഫടികം ജോര്‍ജ് പറഞ്ഞു.