മമ്മൂക്ക 'നന്‍പകല്‍ നേരത്ത് മയക്കം' ഉണ്ടാക്കിയിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിക്കുകയല്ല ചെയ്തത്, സിനിമയ്ക്ക് പിന്നിലുള്ളവരെയും അഭിനന്ദിക്കണം: സിദ്ദിഖ്

മമ്മൂട്ടിയെ അഭിനന്ദിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പിന്നിലുള്ളവരെയും അഭിനന്ദിക്കേണ്ടതുണ്ടെന്ന് നടന്‍ സിദ്ദിഖ്. ‘ഭീഷ്മ പര്‍വ്വം’, ‘റോഷാക്ക്’, ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നീ സിനിമകളുടെ പേരില്‍ മമ്മുക്കയെ അഭിനന്ദിക്കുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ആളുകള്‍ മാറക്കുന്നതായി പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ടെന്നും അത് പാടില്ലാത്ത പ്രവണതയാണെന്നും മൂവി മാന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമ ഉണ്ടാക്കി, ആ കഥാപാത്രവുമായി മമ്മൂക്കയുടെ അടുത്ത് പോയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിഞ്ഞത്. അല്ലാതെ മമ്മൂക്ക ‘നന്‍പകല്‍ നേരത്ത് മയക്കം’ ഉണ്ടാക്കിയിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ വിളിക്കുകയല്ല ചെയ്തത്.

അത്തരം സിനിമകള്‍ വരുമ്പോള്‍ അവര്‍ അദ്ദേഹത്തെ വിളിക്കാനുള്ള കാരണം അത്തരം കഥാപാത്രങ്ങള്‍ ചെയ്ത അദ്ദേഹം മുന്‍പും ഭംഗിയാക്കിട്ടുള്ളത് കൊണ്ടാണ്. മമ്മൂക്കയെ തേടി അത്തരം കഥാപാത്രങ്ങള്‍ വരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് അത് ചെയ്യാന്‍ പറ്റുന്നത്.

അത്തരം സിനിമകള്‍ വരുമ്പോള്‍ മമ്മുക്ക അത് എടുക്കാന്‍ തയ്യാറാകുന്നു, അവ നിര്‍മ്മിക്കുന്നു അത് നല്ലൊരു കാര്യമാണ്. പക്ഷെ അത്തരം കഥാപാത്രങ്ങള്‍ മമ്മുക്കയെ കൊണ്ട് ഉണ്ടാക്കാന്‍ കഴിയില്ല. അത്തരം കഥാപാത്രങ്ങള്‍ വേറെ ഒരാള്‍ ഉണ്ടാക്കി കൊണ്ടുവന്നിട്ട് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നതാണ്. സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.