ഹേമ കമ്മീഷന്റെ കണ്ടെത്തലുകള്‍ വളരെ നല്ലത്, ശുപാര്‍ശകളില്‍ പത്ത് ശതമാനത്തോട് യോജിക്കുന്നില്ല, അത് അപ്രായോഗികം : സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ 90 ശതമാനത്തോടും യോജിക്കുന്നുവെന്ന് ‘അമ്മ’ സംഘടനയെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത നടന്‍ സിദ്ദീഖ് .ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് ഞങ്ങളെ വിളിച്ചത്. നാല്‍പതോളം നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാണിച്ച അവര്‍ ഞങ്ങളോടും അഭിപ്രായം ആരാഞ്ഞു.

അതില്‍ പ്രായോഗികമായി ചെയ്യാന്‍ ബുദ്ധിമുട്ടുള്ളതും അല്ലാത്തതുമായ കാര്യങ്ങളുണ്ട്. തൊണ്ണൂറു ശതമാനം നിര്‍ദേശങ്ങളും സ്വാഗതം ചെയ്തു. പത്ത് ശതമാനം നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യാത്തത്, അത് പ്രായോഗികമായി നടപ്പാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുള്ളതിനാലാണ്. അത് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിജയകരമായ ചര്‍ച്ചയായിരുന്നു. ഹേമ കമ്മിഷന്റെ കണ്ടെത്തലുകള്‍ വളരെ നല്ലതാണ്. അതെല്ലാം നടപ്പില്‍വരുത്തണമെന്നും സൗഹൃദപരമായ അന്തരീക്ഷം സിനിമാ മേഖലയില്‍ ഉണ്ടാകണമെന്നും അമ്മയെ പ്രതിനിധീകരിച്ച് ഞങ്ങള്‍ ആവശ്യപ്പെടുന്നു.”-സിദ്ദീഖ് പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ സാംസ്‌കാരിക വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും ലഹരിമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം,

Read more

സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്, സിനിമ ജോലികളില്‍ വ്യക്തമായ കരാര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് തുടങ്ങിയവയാണ് കരട് നിര്‍ദേശങ്ങള്‍.