വ്യാജമായവ തിരിച്ചറിയാനുള്ള കഴിവ് പ്രേക്ഷകര്‍ക്കുണ്ട്, വിമര്‍ശിക്കരുതെന്ന് പറയാനാകില്ല: ഷറഫുദ്ധീന്‍

സിനിമ നല്ലതാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ സാമാന്യ ബോധമുള്ളവര്‍ ഒരിക്കലും വിമര്‍ശിക്കില്ലെന്ന് നടന്‍ ഷറഫുദ്ദീന്‍. എന്നാല്‍ വിമര്‍ശിക്കരുതെന്ന് പറയാനാകില്ല. അഭിപ്രായം പറയാനുള്ള അവകാശം സിനിമ കാണുന്ന പ്രേക്ഷകര്‍ക്കുണ്ട്. റിലീസിനൊരുങ്ങുന്ന സെന്ന ഹെഗ്‌ഡെ ചിത്രം ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ പ്രമോഷന്‍ അഭിമുഖത്തിലായിരുന്നു ഷറഫുദ്ധീന്റെ പ്രതികരണം.

‘പുതിയ ഒരു കാര്യം വരുമ്പോള്‍ പറ്റില്ല എന്ന് പറയാനാകില്ല. എല്ലാ കാര്യങ്ങളും പുതിയതായി വന്ന് പിന്നീട് ശീലമായവയാണ്. നിങ്ങള്‍ മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ലല്ലോ എന്നൊന്നും ആര്‍ക്കും പറയാനാകില്ല. ആളുകള്‍ പുതിയ കാര്യങ്ങളുമായി വരുന്നു, അത് നമുക്ക് ശീലമാകുക എന്നതാണ്. പക്ഷെ, പണം വാങ്ങി കാര്യങ്ങള്‍ ചെയ്യുന്നിടത്താണ് പ്രശ്‌നം.

സിനിമ നല്ലതാണെങ്കില്‍ സാമാന്യ ബോധമുള്ളവര്‍ വിമര്‍ശിക്കില്ല. ഒരു വശത്ത് കുറച്ച് നിരൂപണങ്ങള്‍ ഒക്കെ ഉണ്ടാകും, അത് പണ്ടും ഉണ്ടായിരുന്നു. ആഴ്ചപ്പതിപ്പുകളില്‍ ഒക്കെ അന്നത്തെ സിനിമകളുടെ രാഷ്ട്രീയവും മറ്റും തുറന്ന് ചര്‍ച്ച ചെയ്തുള്ള എഴുത്തുകള്‍ വന്നിരുന്നു. അതിന്റെ ഓണ്‍ലൈന്‍ വേര്‍ഷന്‍ ആണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഷറഫുദ്ദീന്‍ പറഞ്ഞു.

‘തിങ്കളാഴ്ച നിശ്ചയ’ത്തിന് ശേഷം സെന്ന ഹെഗ്‌ഡെയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ് ‘1744 വൈറ്റ് ഓള്‍ട്ടോ’. ഷറഫുദ്ദീന് പുറമെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, ആര്യ സലിം, ആനന്ദ് മന്മദന്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഒരു പൊലീസ് കേസുമായി ബന്ധപ്പെട്ട് സഞ്ചരിക്കുന്ന ക്രൈം-കോമഡി ത്രില്ലറാകും ചിത്രം. പതിനെട്ട് ദിവസം കൊണ് ചിത്രീകരണം പൂര്‍ത്തീകരിച്ച 1744 വൈറ്റ് ഓള്‍ട്ടോ നവംബര്‍ 18ന് തിയേറ്ററുകളില്‍ എത്തും.