ആളുകളെ കൊണ്ടുപോയി അപകടത്തില്‍ ചാടിക്കാന്‍ എനിക്ക് ആഗ്രഹമില്ല, ; സത്യന്‍ അന്തിക്കാട്

പ്രേക്ഷകര്‍ താത്പര്യപ്പെടുന്ന സിനിമകളാണ് താന്‍ ചെയ്യുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു സിനിമയെടുത്തിട്ട് നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്ന് ചിന്തിക്കാന്‍ പാടില്ലെന്നും പ്രേക്ഷകര്‍ കാണാന്‍ വേണ്ടിയാണ് സിനിമ എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ടേസ്റ്റിന് അനുസരിച്ചുള്ള സിനിമകളാണ് ചെയ്യുന്നത്. ഞാന്‍ കാണാനാഗ്രഹിക്കുന്ന, എനിക്ക് ഇഷ്ടപ്പെട്ട ഗ്രേറ്റ് സിനിമകളുണ്ടാകും. അതൊരിക്കലും ഞാന്‍ എടുക്കാന്‍ പോകില്ല. ഞാന്‍ അതിന് തയ്യാറാകില്ല. ഉദാഹരണം പറഞ്ഞാല്‍ ആകാശദൂത് പോലൊരു സിനിമ എനിക്ക് ഇഷ്ടമാണ്. അത്രയും ദു:ഖം കോരിയൊഴിക്കുന്ന സിനിമയൊന്നും എനിക്ക് ചെയ്യാനാവില്ല.

അതുപോലെ ആക്ഷന്‍ പടങ്ങള്‍. ജോഷിയുടെ പടങ്ങളൊക്കെ കണ്ട് അന്തം വിട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ആ വഴിക്ക് പോകാറില്ല. അത് എന്റെ മേഖല അല്ല. കാരണം ഞാന്‍ എനിക്ക് പരിചയമുള്ള നാട്ടിന്‍പുറവും കഥകളുമാണ് എടുക്കുന്നത്.

ഒരേ റൂട്ടില്‍ കൂടി ഓടുന്ന ബസ് എന്ന ആരോപണം എന്നെ പറ്റി വരുന്നുണ്ട്. സേഫായ റൂട്ടില്‍ കൂടി പോകുന്ന ബസ്സെന്ന് പറയാറുണ്ട്. എനിക്ക് സേഫായ റൂട്ടില്‍ കൂടി പോകാനാണ് ഇഷ്ടം. ആളുകളെ കൊണ്ടുപോയി അപകടത്തില്‍ ചാടിക്കാന്‍ എനിക്ക് ആഗ്രഹമില്ല, സത്യന്‍ അന്തിക്കാട് പറഞ്ഞു.

ചെയ്ത സിനിമകളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ, അത്തരം വിമര്‍ശനങ്ങള്‍ സ്വാധീനിക്കാറുണ്ടോ എന്ന ചോദ്യത്തിന് നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ സ്വാധീനിക്കാറുണ്ടെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി.