ബസ് തല്ലിപ്പൊളിക്കുന്ന രംഗത്ത് ഒരു ഫൈറ്റ് സീന്‍, സ്റ്റണ്ട് മാസ്റ്റര്‍ എത്തിയില്ല, അന്ന് സംവിധായകനായി മോഹന്‍ലാല്‍: സത്യന്‍ അന്തിക്കാട്

ബറോസ് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെ മലയാള സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ എത്തിയിരുന്നു. മോഹന്‍ലാലിന്റെ മനസ്സില്‍ എന്നും ഒരു സംവിധായകന്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

സ്റ്റണ്ട് മാസ്റ്റര്‍ ത്യാഗരാജന്റെ അഭാവത്തിലാണ് വരവേല്‍പ്പ് എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഫൈറ്റ് സീന്‍ സംവിധാനം ചെയ്തത്. വരവേല്‍പ്പ് സിനിമ ചെയ്യുമ്പോള്‍ അതില്‍ ആ ബസ് തല്ലിപ്പൊളിക്കുന്ന രംഗത്ത് ചെറിയൊരു ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തില്‍ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജന്‍ മാഷിന് എത്തിച്ചേരാന്‍ സാധിച്ചില്ല.

ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെന്‍ഷനിലായിരുന്നു താന്‍. അപ്പോള്‍ ലാല്‍ പറഞ്ഞു, “ത്യാഗരാജന്‍ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാല്‍ മതി നമുക്ക് ചെയ്യാം”. അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നത്. ലാലിന്റെ മനസ്സില്‍ എന്നും ഒരു സംവിധായകനുണ്ടെന്ന് തങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.

Read more

വര്‍ഷങ്ങള്‍ക്കു മുമ്പ് ആരും ചിന്തിച്ചു കാണില്ല, ഇങ്ങനെയൊരു മുഹൂര്‍ത്തം ഉണ്ടാകുമെന്നും മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയ്ക്ക് നമ്മളെല്ലാം എത്തുമെന്നും. മലയാള സിനിമയിലെ ഏറ്റവും പ്രവൃത്തിപരിചയമുള്ള സംവിധായകനായാണ് മോഹന്‍ലാല്‍ അരങ്ങേറാന്‍ ഒരുങ്ങുന്നതെന്നും സംവിധായകന്‍ പറഞ്ഞു.