ബിജുവേട്ടന്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ഒരു ഐഡിയയുമില്ല: 'വാവച്ചി കണ്ണന്റെ' വിശേഷങ്ങളുമായി ശരണ്‍ജിത്ത്

ലാല്‍ ജോസ്-ബിജു മേനോന്‍ കൂട്ടുകെട്ടിലെത്തിയ “41” വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഉല്ലാസ് എന്ന കഥാപാത്രമായി ബിജു മേനോന്‍ എത്തിയപ്പോള്‍ വാവച്ചി കണ്ണന്‍ എന്ന കഥാപാത്രമായി വേഷമിട്ടത് ശരണ്‍ജിത്ത് എന്ന പുതുമുഖ താരമാണ്. പ്രേക്ഷകരുടെ മനസില്‍ ഒരിടം കണ്ടെത്താനും ഈ നടന് സാധിച്ചു.

വാവച്ചി കണ്ണനാകാന്‍ ബിജു മേനോന്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് ശരണ്‍ജിത്ത് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. “”ഷോട്ടിന് മുന്നേ ഒരോ സീനും ചര്‍ച്ച ചെയ്യുമായിരുന്നു. അത് ഞങ്ങളിലൊരു കെമിസ്ട്രി വളര്‍ത്തി എടുത്തു. സീന്‍ കഴിഞ്ഞാല്‍ കാരവനില്‍ പോയിരിക്കുന്ന ബിജുവേട്ടന്‍ എന്റെ സീന്‍ ആണെങ്കില്‍ ഫ്രെയിമില്‍ ഇല്ലെങ്കിലും വന്ന് നിന്നുതരുമായിരുന്നു”” എന്ന് ശരണ്‍ജിത്ത് പറഞ്ഞു.

“”അദ്ദേഹം എനിക്ക് എന്റെ സ്പെയ്സ് തന്നിരുന്നു. അതുകൊണ്ട് തന്നെ ഓരോ സീനും ചര്‍ച്ച ചെയ്താണ് അഭിനയിച്ചത്. പലപ്പോഴും ഇംപ്രവൈസ് ചെയ്യാനും അത് സഹായിച്ചു. സത്യത്തില്‍ ബിജുവേട്ടന്റെ തണലിലായിരുന്നു ഞാന്‍. ബിജുവേട്ടന്‍ ഇല്ലെങ്കില്‍ എന്ത് ചെയ്യുമായിരുന്നുവെന്ന് ഒരു ഐഡിയയുമില്ല. ഒട്ടും ഈഗോയില്ലാത്ത വ്യക്തിയാണ്. എപ്പോഴും ചേര്‍ത്തു നിര്‍ത്തുന്ന, ഒരു ചേട്ടന്‍ തന്നെയായിരുന്നു ബിജുവേട്ടന്‍”” എന്നും ശരണ്‍ജിത്ത് വ്യക്തമാക്കി.