ആദ്യം ഭാരം കുറച്ചു, പിന്നീട് 14 കിലോ കൂട്ടി, മൂന്ന് തവണ മൊട്ടയടിച്ചു.. കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്; 'ഉരുക്കു സതീശന്‍' ഓണ്‍ലൈനില്‍ എത്തിച്ച് സന്തോഷ് പണ്ഡിറ്റ്

2018ല്‍ താനൊരുക്കിയ ‘ഉരുക്കു സതീശന്‍’ എന്ന ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്ത് സന്തോഷ് പണ്ഡിറ്റ്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ പങ്കുവച്ചാണ് സിനിമ യൂട്യൂബില്‍ റിലീസ് ചെയ്ത വിവരം സന്തോഷ് പണ്ഡിറ്റ് അറിയിച്ചിരിക്കുന്നത്. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചത്. മൂന്ന് തവണ മുടി മൊട്ടയടിച്ച് ഷൂട്ട് ചെയ്യേണ്ടി വന്നിരുന്നു എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:

ഉരുക്ക് സതീശന്‍ സിനിമ കണ്ടവര്‍ അഭിപ്രായം അറിയിക്കുക. കേരളം (സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് ടൗണ്‍, കുറ്റികാട്ടൂര്‍, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം), രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വച്ച് ഷൂട്ട് ചെയ്ത സിനിമയാണ് ഉരുക്ക് സതീശന്‍. നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉള്‍പ്പെടുത്തി ഞാന്‍ വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് ഇത്.

വിശാല്‍ എന്ന കഥാപാത്രം ചെയ്യുവാന്‍ 62 കിലോ ശരീരഭാരം കുറച്ച് 57ല്‍ എത്തിച്ചു. ആ ഭാഗം പൂര്‍ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശന്‍ എന്ന കഥാപാത്രം ചെയ്തത്. ആ ഷൂട്ടിംഗിന് ഇടയില്‍ മറ്റൊരു ചിത്രം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ സ്വന്തം സിനിമ നിര്‍ത്തി അതില്‍ പോയി മുടി വളര്‍ത്തി അഭിനയിച്ചു.

ആ സിനിമ പൂര്‍ത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശന്‍ കഥാപാത്രം തീര്‍ത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോള്‍ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം തോന്നി. അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു (പാവം ഞാന്‍….).

ഈ സിനിമ കാണുമ്പോള്‍ എന്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസിലാക്കണം എന്നില്ല. അന്ന് കൂടിയ തടി, വയര്‍ എന്നിവ ഞാന്‍ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവര്‍ യുട്യൂബിലൂടെ കഴിഞ്ഞ ദിവസം അപ്‌ലോഡ് ആയ ഫുള്‍ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക..