വിനായകനെ തിരുത്താന്‍ അനുവദിക്കണം, അയാളുടെ കാലില്‍ പിടിച്ച് നിലത്തടിക്കാന്‍ പോയാല്‍ നല്ല ചവിട്ടുകിട്ടും: സനല്‍ കുമാര്‍ ശശിധരന്‍

വാര്‍ത്താസമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് നിരവധിപ്പേരാണ് വിനായകന്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത്. വിനായകനെ അനുകൂലിച്ച് രംഗത്ത് വന്നവര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍.

തനിക്ക് വിനായകനെ നന്നായി മനസിലാവുമെന്നും നിങ്ങളും അയാളെ മനസിലാക്കണം എന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വിനായകന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ അനുവദിക്കുകയുമാണ് വേണ്ടതെന്നും അതല്ലാതെ, അയാളുടെ കാലില്‍ പിടിച്ച് നിലത്തടിക്കാന്‍ പോയാല്‍ ചവിട്ടുകിട്ടുമെന്നും സനല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പദവികള്‍ നല്‍കുന്ന മുന്‍ഗണനകളെ കുറിച്ചും അത് ഉപയോഗിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ആധിപത്യങ്ങളെക്കുറിച്ചും ചിന്തിക്കാതെ രാഷ്ട്രീയശരികളെക്കുറിച്ചുമാത്രം വാചാലമാകുന്ന പുരോഗമനവാദം കപടമാണ്. വിനായകന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു, താന്‍ എവിടെനിന്നാണ് വന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന്, അതിന്റെതായ എല്ലാം എന്റെ ഉള്ളില്‍ ഉണ്ടാകുമെന്ന്. തനിക്ക് റോഡില്‍ കിടക്കാന്‍ ഇഷ്ടമാണെന്നും ഈയിടെയും ഞാന്‍ റോഡില്‍ കിടന്നിട്ടാണ് വന്നതെന്നും അയാള്‍ പറയുന്നുണ്ട്. ആരും ശ്രദ്ധിച്ചുകാണില്ല. അല്ലെങ്കില്‍ അത് ഒരു തമാശയായി എടുത്തിട്ടുണ്ടാകും. ആരുടെ കുറ്റമാണത്? ഒരാളുടെ വാക്കുകളില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ടത് മാത്രം ഗൗരവമായെടുക്കുകയും നിങ്ങള്‍ക്ക് ചര്‍ച്ചചെയ്യാന്‍ ഇഷ്ടമില്ലാത്തത് അവഗണിക്കുകയും ചെയ്യുന്നത് നിങ്ങളുടെ തന്നെ കുറ്റമല്ലേ?

വിനായകനെപ്പോലെ സമൂഹത്തിന്റെ അരികുകളില്‍ നിന്നും സ്വയം കയറി വന്ന ഒരു മനുഷ്യനോട് സംസാരിക്കുമ്പോള്‍ അയാളുടെ തൊണ്ടയ്ക്ക് കുത്താമെന്നുള്ള ധാര്‍ഷ്ട്യം വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നുവീണ് മണ്ണില്‍ കാലുകുത്തും മുന്‍പ് സ്വര്‍ണരഥങ്ങളില്‍ ഇരുത്തി ആനയിക്കപ്പെടുന്നവരോട് നിങ്ങള്‍ കാണിക്കുമോ? ഇല്ല! ഇല്ല! ഇല്ല! എന്ന് തന്നെയാവും നിങ്ങള്‍പോലും ഉത്തരം പറയുക. ഇന്നലെ ഒരു പോസ്റ്റെഴുതിയപ്പോള്‍ അതിനടിയില്‍ ആരുടെയോ ഒരു കമെന്റ് കണ്ടു, ഇതാ മറ്റൊരു വിനായകനെന്ന്. പറഞ്ഞതില്‍ നിന്നും വഴിമാറ്റിവിടാനുള്ള ശ്രമം കണ്ടപ്പോള്‍ ”പോടാ മൈരേ” എന്ന് റിഫ്‌ളക്‌സ് പോലെ ഒരു മറുപടി എഴുതിയെങ്കിലും പിന്നീട് അത് മായ്ച്ചു കളഞ്ഞു. കമെന്റെഴുതിയ ആള്‍ക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അയാള്‍ എഴുതിയത് ശരിതന്നെയല്ലേ എന്ന് പിന്നീട് ചിന്തിച്ചു. അതെ എനിക്ക് വിനായകനെ മനസിലാക്കുന്നത് അതുകൊണ്ട് തന്നെയാണ്.

തകര്‍ന്നുപോയ ഒരു നായര്‍ തറവാടിലാണ് ഞാന്‍ ജനിച്ചത്. അപ്പൂപ്പന്‍മാര്‍ ആനപ്പുറത്തേറിയതിന്റെ തഴമ്പുമായി നടക്കുന്ന ബന്ധുക്കളുടെ ഇടയില്‍ ഉടുതുണിക്ക് മറുതുണിയില്ലാത്ത വീട്ടില്‍. ഒരു പറമ്പില്‍ നിറഞ്ഞു നില്‍ക്കുന്ന ചെറിയ മണ്‍വീട്ടില്‍. മിക്കവാറും ചീത്തവിളികളുടെയും തമ്മിലടികളുടെയും പൂരപ്പറമ്പില്‍. കക്കൂസില്ലാത്തതിനാല്‍ തൊട്ടപ്പുറത്തെ ബന്ധുവിന്റെ കാടുപിടിച്ച തോട്ടത്തില്‍ ഞങ്ങള്‍ കുട്ടികള്‍ മലവിസര്‍ജ്ജനം നടത്തുന്നതിനെ ചൊല്ലിയോ, വാടി വീഴുന്ന ചക്കയോ തേങ്ങയോ ഞങ്ങള്‍ ഓടിച്ചെന്നെടുത്തതിനെ ചൊല്ലിയോ ആയിരിക്കും വഴക്കുകള്‍, ബഹളങ്ങള്‍. ഇല്ലായ്മയുടെ വരിഞ്ഞു മുറുക്കലുകള്‍ക്കപ്പുറം വളരാനുള്ള മനുഷ്യന്റെ സ്വാഭാവിക ചോദനയായ സ്വപ്നങ്ങളെപ്പോലും കളിയാക്കി ഇല്ലാതാക്കിയിരുന്ന കാലം. അവഗണയുടെയും കുത്തുവാക്കുകളുടെയും സഹതാപം നിറഞ്ഞ നോട്ടങ്ങളുടെയും ആയിരം ചങ്ങലകള്‍ പൊട്ടിച്ചാണ് സിനിമ എന്ന സ്വപ്നവുമായി ഞാന്‍ നടന്നിരുന്നത്.

നടക്കില്ല നടക്കില്ല നടക്കില്ല എന്ന് ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല കാക്കയും പൂച്ചയും വരെ കളിയാക്കിച്ചിരിച്ചിരുന്ന കാലം കടന്നുപോരുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന തൊലിക്കട്ടി ചിലപ്പോള്‍ എനിക്കു തന്നെ വിനയായി തീരുന്നതും അറിഞ്ഞിട്ടുണ്ട്.
നടക്കില്ല നടക്കില്ല എന്ന പിടിച്ചു താഴ്ത്തലുകളില്‍ നിന്നും തെന്നിയുയര്‍ന്ന് ജീവനും ശ്വാസവും പണയംവെച്ച് ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ചെറുസിനിമകള്‍ ചെയ്ത്, നടക്കും നടക്കുമെന്ന് കാണിച്ചിട്ടും ചിരിക്കുന്ന ചുണ്ടുകളുടെ കോണില്‍പ്പോലും പുച്ഛത്തിന്റെ തുപ്പല്‍ ഞാന്‍ കണ്ടിട്ടുണ്ട്. അര്‍ഹമായതെന്ന് നൂറുശതമാനം ഉറപ്പുള്ള അംഗീകാരങ്ങളില്‍ നിന്നും പദവികളുടെ സ്വാധീനമുള്ളവര്‍ക്കായി മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട്. ആദ്യസിനിമയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് കിട്ടിയിട്ടും രണ്ടാമത്തെ സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് കിട്ടിയിട്ടും മൂന്നാമത്തെ സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള എണ്ണം പറഞ്ഞ അന്തര്‍ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടും ഇനിയില്ല ഇനിയില്ല എന്ന് എന്നെ പിടിച്ചു താഴ്ത്തുന്ന നീരാളിക്കൈകളെ ഞാന്‍ കണ്ടിട്ടുണ്ട്.

നാലാമത്തെ സിനിമയ്ക്ക് അര്‍ഹമായ സര്‍ക്കാര്‍ സബ്സിഡി നിഷേധിച്ചപ്പോള്‍ പരാതിപറയാന്‍ അന്നത്തെ സിനിമാമന്ത്രിയായ എകെ ബാലനെ കാണാന്‍ അയാളുടെ ഔദ്യോഗിക വസതിയില്‍ പോയ എന്നെ വരാന്തയില്‍ പോലും കയറ്റാതെ ഇറക്കിവിട്ടിട്ടുണ്ട്. നടക്കില്ല നടക്കില്ല എന്ന നീരാളിപ്പിടുത്തം വരുന്നത് കുലമഹിമകളുടെയും പണക്കൊഴുപ്പിന്റെയും അധികാരമത്തിന്റെയും അന്തപ്പുരങ്ങളില്‍ നിന്നാണെന്ന് എനിക്കറിയാം. അപ്പോഴൊക്കെയും കക്കൂസില്ലാത്തതിനാല്‍ അടുത്തപറമ്പില്‍ തൂറാന്‍ പോയിരുന്ന ചെറിയ കുട്ടിയായിട്ടുണ്ട് ഞാന്‍. വഴക്കുണ്ടാക്കിയിട്ടുണ്ട് ചീത്തപറഞ്ഞിട്ടുണ്ട് എന്നെ നോക്കാത്തവനെ ഞാനും നോക്കില്ല എന്ന് ശപഥമെടുത്തിട്ടുണ്ട്. അതൊക്കെ എനിക്കെതിരെയുള്ള ആയുധമാക്കി തിരിച്ചുവിടുന്ന അധികാരപ്രമത്തതയുടെ ബുദ്ധികൂര്‍മത ഞാന്‍ കണ്ടിട്ടുമുണ്ട്.

നടക്കില്ല നടക്കില്ല എന്ന നീരാളിപ്പിടുത്തങ്ങളില്‍ നിന്നും കുതറാനുള്ള എന്റെ ഒരേ ഒരായുധം അഹങ്കാരവും താന്‍പോരിമയുമായിരുന്നതിനാല്‍ അഹങ്കാരിയെന്നും സ്വാര്‍ത്ഥനെന്നും അപക്വനെന്നുമൊക്കെയുള്ള ഒളിയമ്പുകളെ നെഞ്ചുകൊണ്ട് തടുത്തുമാത്രമേ നടത്തിയിട്ടുള്ളു എന്ന അഭിമാനബോധം കൊണ്ടുതരുന്ന ഒരു തലക്കനം ചിലപ്പോഴെങ്കിലും എന്നില്‍ തലപൊക്കുന്നതും കണ്ടിട്ടുണ്ട്. അപ്പനപ്പൂപ്പന്മാരുടെ സമ്പാദ്യം കൊണ്ടല്ല ഞാന്‍ ഞാനായത് എന്ന ബോധ്യം, ആരെയെങ്കിലും ചതിയില്‍ പെടുത്തി അവരെ വിറ്റുജീവിക്കുന്ന ശവംതീനിപ്പക്ഷിയല്ല ഞാനെന്ന ബോധ്യം, ഉള്ളില്‍ അഴുകുന്ന പൊട്ടക്കുളങ്ങള്‍ക്ക് മേലെ പൗഡറിട്ട് മിനുക്കിയ മുഖമല്ല ഞാനെന്ന ബോധ്യം എനിക്ക് നല്‍കുന്ന ഒരു സിംഹാസനമുണ്ട്. അതില്‍ ഞാനിരിക്കുമ്പോള്‍ വളിച്ച ചിരിയുമായി വന്ന് കുത്തിച്ചാടിക്കാന്‍ നോക്കിയാല്‍ ഞാനും മിക്കവാറും വിനായകനെപ്പോലെ തന്നെയാവും പ്രതികരിക്കുക.

താനാരാണെന്ന് തിരിച്ചറിയാതെ അപ്പൂപ്പന്മാരുടെ ആനപ്പുറത്തഴമ്പില്‍ കയറിയിരുന്ന് അനാവശ്യമായി പ്രകോപിപ്പിച്ച പത്രക്കാരനോട് വിനായകന്‍ അസ്വസ്ഥനായപ്പോള്‍ അയാള്‍ പറയുന്നത് ഞങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഹിറ്റാവില്ലായിരുന്നു എന്നാണ്. ഇതാണ് സമൂഹത്തിന്റെ പൊതുമാനസികാവസ്ഥ. വെള്ളിക്കരണ്ടിയുമായി ജനിക്കാതെ സ്വന്തം വഴിവെട്ടിക്കയറിയ എല്ലാവരോടും അത് പറയും ”നിന്നെ വളര്‍ത്തിയത് ഞങ്ങളാണ്”. ക്രൗഡ് ഫണ്ട് ചെയ്ത് സിനിമകള്‍ ഉണ്ടാക്കി വന്ന എന്നോടും പണമായി സഹായം ചെയ്ത ചിലര്‍ ഇത് പറഞ്ഞിട്ടുണ്ട്. അതില്‍ ഒളിച്ചിരിക്കുന്ന നടക്കില്ല നടക്കില്ല എന്ന കോറസ് കേട്ട് അസ്തമിച്ച് നിന്നിട്ടുണ്ട്. അതെ എനിക്ക് വിനായകനെ നന്നായി മനസിലാവും. നിങ്ങളും അയാളെ മനസിലാക്കണം എന്നാണ് അഭ്യര്‍ത്ഥന. അയാള്‍ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടണം, തിരുത്താന്‍ അനുവദിക്കണം. അതല്ലാതെ അയാളുടെ കാലില്‍ പിടിച്ച് നിലത്തടിക്കാന്‍ പോയാല്‍ ചവിട്ടുകിട്ടും.