സച്ചിന്റേത് മറ്റാരുടെയോ ശബ്ദം, ഇതെങ്കിലും ചെയ്തില്ലെങ്കില്‍ കലാകാരനായി കോമാളിവേഷം കെട്ടുന്നതില്‍ കാര്യമില്ല: സലിംകുമാര്‍

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദം പിന്നിലുള്ള മറ്റാരുടേയോ പ്രതിധ്വനിയാണെന്ന് സലിംകുമാര്‍. ഇവിടെ ജീവിക്കുന്ന മനുഷ്യന്‍ എന്ന നിലയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം മാത്രമാണ് താന്‍ ചെയ്തത്, അതില്‍ രാഷ്ട്രീയമോ വംശമോ വിഷയമാക്കിയിട്ടില്ലെന്നും സലിംകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ സമരത്തിന്റെ കാര്യങ്ങളില്‍ ഇടപെടേണ്ട എന്ന നിലപാട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവരുടെ ശബ്ദമാണെന്ന് വിശ്വസിക്കുന്നില്ല. പിന്നിലുള്ള വേറെ ഏതോ ശബ്ദം സച്ചിനിലൂടെ പ്രതിധ്വനിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. അവയെ കീറിമുറിക്കാനും അതില്‍ രാഷ്ട്രീയം കാണാനും ശ്രമിക്കുന്നില്ലെന്ന് താരം പറഞ്ഞു.

ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് തോന്നി, ചെയ്തു. ജീവിക്കാന്‍ വായുവും വെള്ളവും കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം ആവശ്യമുള്ളത് കര്‍ഷകരെയാണ്. ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയപ്പോള്‍ എല്ലാം എന്റെ മുന്നില്‍ വന്നിരുന്നു. ഒരുപാട് ആലോചിച്ചിട്ട് തന്നെ എഴുതിയതാണെന്നും ഇത് ഒരു വിരലനക്കം പോലുമാവില്ലെന്ന് അറിയാമെന്നും സലിം കുമാര്‍ പറയുന്നു.

ഇതെങ്കിലും ചെയ്തില്ലെങ്കില്‍ പിന്നെ മനുഷ്യനെന്ന് പറഞ്ഞ് ജീവിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയിട്ടാണ് കുറിപ്പ് എഴുതിയത്. ഇത്രപോലും ചെയ്യാതെ താന്‍ കലാകാരനെന്ന് പറഞ്ഞ് കോമാളിവേഷം കെട്ടി നടക്കുന്നതില്‍ ഒരു കാര്യവുമില്ലെന്നും താരം പറഞ്ഞു.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ രാജ്യത്തിനെതിരേ നടക്കുന്ന ഗൂഢാലോചനയുടെ തെളിവാണെന്ന കേന്ദ്ര വാദത്തിനെതിരെയാണ് സലിംകുമാര്‍ പ്രതികരിച്ചത്.

കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിദേശികള്‍ അഭിപ്രായം പറയേണ്ടെന്നും അഭിപ്രായപ്പെടുന്നവരോട് അമേരിക്കയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ സംഭവം ഓര്‍മ്മിപ്പിച്ചായിരുന്നു സലിം കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അന്ന് പ്രതികരിച്ചവരില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നില്ലേ, അന്ന് ഒരു അമേരിക്കക്കാരനും ബാഹ്യശക്തികളോട് കാഴ്ചക്കാരനായി നിന്നാല്‍ മതിയെന്ന് പറഞ്ഞില്ലെന്നും സലിംകുമാര്‍ കുറിച്ചു.