തെറി എഴുതുന്ന ആള്‍ എന്ന പേര് എനിക്ക് നേരത്തെയുണ്ട്, 'ചുരുളി'യിലെ തെറികള്‍ നടന്മാര്‍ ഒന്ന് വിപുലീകരിച്ചതാണ്: എസ്. ഹരീഷ്

ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ അതിലെ സംഭാഷണങ്ങളുടെ പേരില്‍ ചര്‍ച്ചയായിരുന്നു. എസ് ഹരീഷ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ തെറികള്‍ സംഭാഷണമായി വന്നതിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് ഇപ്പോള്‍.

‘തെറി എഴുതുന്നയാള്‍’ എന്ന പേര് എനിക്ക് നേരത്തെയുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. അവരുടെ സംഭാഷണമാണ് ഈ തെറികള്‍ എന്നാണ് നാട്ടിലെ സുഹൃത്തുക്കള്‍ പറയുന്നത്. അവരില്‍ നിന്ന് കേട്ട് പഠിച്ചതാണെന്ന് പറയും, പലപ്പോഴും അത് ശരിയുമാണ്.

ചുരുളിയിലേയ്ക്ക് വരുമ്പോള്‍ അത് വിനോയ് തോമസിന്റെ കഥയാണ്. ഞാന്‍ കഥ വായിച്ച് കഴിഞ്ഞപ്പോള്‍ ലിജോയ്ക്ക് അയച്ചു കൊടുത്തു. സിനിമയാക്കാന്‍ വേണ്ടിയായിരുന്നില്ല, വായിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷെ പിന്നീട് ലിജോയെ കണ്ടപ്പോള്‍ അദ്ദേഹം ആ കഥയില്‍ വളരെ എക്‌സൈറ്റഡായിരുന്നു.

അത് പിന്നീട് സിനിമയായി. തിരക്കഥയില്‍ നമ്മള്‍ എഴുതിയ തെറി നടന്മാര്‍ കുറച്ചു കൂടെ വിപുലീകരിച്ചാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നത്. നടന്മാര്‍ അത് നന്നായി വിപുലീകരിച്ച് അവരുടെ കഴിവ് തെളിയിച്ചു. പുതിയ ആളുകള്‍ക്കിടയില്‍ തെറി പറയുന്നതിന് യാതൊരു തടസവുമില്ല.

അവരതിനെ ഒരു സ്വാഭാവിക സംസാരമായാണ് എടുക്കുന്നത്. തെറി പലപ്പോഴും ചീത്ത പറയുന്നതിനപ്പുറം തമാശയായി ഉപയോഗിക്കാറുണ്ട്. പല സ്ഥലത്തും അങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നാണ് എസ് ഹരീഷ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.