അന്ന് എല്ലാം ഓക്കെയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; എന്നിട്ട് കേരളത്തില്‍ എന്തായി? മുഖ്യമന്ത്രിയെ കരുത്തനായി സിനിമയില്‍ കാണിക്കാത്തതില്‍ വിശദീകരണവുമായി ജൂഡ്

ബോക്‌സോഫീസില്‍ ഗംഭീര കളക്ഷനുമായി മുന്നേറുകയാണ് ജൂഡ് ആന്തണി ചിത്രം ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ചിത്രം മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചു കൊണ്ട് സിപിഎം മുഖപത്രം പുറത്തിറങ്ങിയിരുന്നു. പിണറായി സര്‍ക്കാരിന്റെ സേവനങ്ങള്‍ ജൂഡ് ആന്തണി ചിത്രത്തില്‍ കാണിച്ചില്ല എന്ന വിമര്‍ശനമാണ് ദേശാഭിമാനി ഉന്നയിച്ചത്.

2018 സിനിമയില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കരുത്തുറ്റ കഥാപാത്രമായി കാണിക്കാഞ്ഞത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍. ചിത്രത്തില്‍ മുഖ്യമന്ത്രിയായി ആദ്യം തീരുമാനിച്ചിരുന്നത് രഞ്ജി പണിക്കരെ ആയിരുന്നു എന്നാല്‍ പിന്നീട് ജനാര്‍ദ്ദനനെ കാസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ രഞ്ജി പണിക്കരെ കണ്ടാല്‍ പ്രളയം വന്നാലും കുലുങ്ങില്ല എല്ലാവരെയും രക്ഷിക്കും എന്ന് പ്രേക്ഷകര്‍ക്ക് തോന്നും അതുകൊണ്ടാണ് ജാനര്‍ദ്ദനനെ കാസ്റ്റ് ചെയ്തത് എന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ജൂഡ് ആന്തണി പറഞ്ഞിരിക്കുന്നത്.

”മുഖ്യമന്ത്രിയായി ആദ്യം രഞ്ജി പണിക്കരെയാണ് തീരുമാനിച്ചത്. സാറിനെ വച്ചാല്‍ സാറ് ഭയങ്കര പവര്‍ഫുള്‍ ആണ്. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ അറിയാം വെള്ളപൊക്കം വന്നാലും നേരിടും. എല്ലാത്തിനെയും വിളിച്ച് സെറ്റ് ആക്കിക്കോ എന്ന് പറയും.”

”അപ്പോള്‍ അതിലൊരു ഗുമ്മില്ല. ആ സമയത്ത് ഞാന്‍ ഒന്നേ മുക്കാലിന് വീടിന് പുറത്ത് നില്‍ക്കുകയാണ്, പത്തരക്ക് ഞാന്‍ ടിവി ഓഫ് ചെയ്യുന്ന സമയത്തും മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ ഒന്നും പേടിക്കാനില്ല എല്ലാം അണ്ടര്‍ കണ്‍ട്രോള്‍ എന്ന് പറഞ്ഞിരുന്നു” എന്നാണ് ജൂഡ് പറയുന്നത്.

Read more

2018 സിനിമയില്‍ മത്സബന്ധന തൊഴിലാളികളോട് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാം എന്ന് പറയുന്നത് ഒരു പള്ളീലച്ചനാണ് എന്നാണ് കാണിച്ചിരിക്കുന്നത്. റെസ്‌ക്യൂ ഓപ്പറേഷനില്‍ നാട്ടുകാരെയും മത്സബന്ധന തൊഴിലാളികളെയും നേവിയെയും കാണിച്ചിട്ടുണ്ട്. ഒരു ഭാഗത്തും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സംവിധായകന്‍ പരാമര്‍ശിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.