'പട്ടികള്‍ കുരയ്ക്കട്ടെ, സാര്‍ത്ഥവാഹകസംഘം മുന്നോട്ട്'; സംവിധായകന്‍ രഞ്ജിത്ത്

അതിരു കടന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്ന് സംവിധായകന്‍ രഞ്ജിത്ത്. സത്യസന്ധമായി വിമര്‍ശിക്കുന്നവരും വിമര്‍ശിക്കാന്‍ വേണ്ടി സംസാരിക്കുന്നവരും ഇവിടെ ഉണ്ട്. അവര്‍ക്ക് ഒന്നേയുള്ളു. എല്ലാ കാര്യത്തിലും വിമര്‍ശനങ്ങള്‍ നടക്കും. അതുകൊണ്ട് അതിനെ മാറ്റി നിര്‍ത്തുകയാണ് താന്‍ ചെയ്യുന്നതെന്നും രഞ്ജിത്ത് പ്രതികരിച്ചു. ലിറ്റ്ആര്‍ട്ട് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശകര്‍ക്കുള്ള രഞ്ജിത്തിന്റെ മറുപടി.

”വിമര്‍ശകര്‍ രണ്ട് തരമാണ്. ഒന്ന് വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളവര്‍. മറ്റൊന്ന് സത്യസന്ധതയോടെ വിമര്‍ശിക്കുന്നവര്‍. ഇത് നമുക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പൊതുവെ ഞാന്‍ ചെയ്യുന്നത് ഈ വിമര്‍ശനങ്ങളെ മാറ്റി നിര്‍ത്തുക എന്നതാണ്. എല്ലാ കാര്യത്തിലും വിമര്‍ശനങ്ങള്‍ നടക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ എന്നോട് ചോദിച്ചു,

ശെരി എന്ന് പറയുകയും ചെയ്തു. വിമര്‍ശനങ്ങള്‍ക്കൊക്കെ ഒരു മറുപടിയേയുള്ളു. അതിരു കടന്ന രീതിയിലേക്ക് വിമഋനങ്ങള്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ചെറുപ്പകാലത്ത് അച്ഛന്‍ പറഞ്ഞു തന്നെ ഒരു പ്രയോഗമാണ് ഓര്‍മ്മ വരിക. ”പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട്” രഞ്ജിത്ത് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം ദിലീപുമായി രഞ്ജിത്ത് വേദി പങ്കിട്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ദിലീപിനൊപ്പം വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നും ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് പോയതെന്നും രഞ്ജിത്ത് പ്രതികരിച്ചു.