മമ്മൂട്ടിയുടെ ഇത്തരം അവഹേളനങ്ങളുടെ പാത്രമാകേണ്ടതില്ല എന്നായിരുന്നു തീരുമാനം,ഞാന്‍ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു: രണ്‍ജി പണിക്കര്‍

സിനിമയുടെ കഥ പറയാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടപ്പോള്‍ താന്‍ തയ്യാറാകാതിരുന്ന സംഭവം പങ്കുവെച്ച് രണ്‍ജി പണിക്കര്‍. . കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ജി പണിക്കര്‍ ഇത് വെളിപ്പെടുത്തിയത്. പത്രപ്രവര്‍ത്തകനായിരുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് തൊട്ട് ഞങ്ങള്‍ തമ്മില്‍ പിണങ്ങുകും ഇണങ്ങുകയും ചെയ്തിട്ടുണ്ട്. ഇണങ്ങാന്‍ അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല. പിണങ്ങാനും ഇല്ല. അദ്ദേഹം കലഹിച്ചു കൊണ്ടിരിക്കും.

സിനിമയുമായി ബന്ധപ്പെട്ടൊരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അതില്‍ വരുന്ന എല്ലാ ഗോസിപ്പുകളുടേയും വിചാരണകളുടേയും കുറ്റം എന്റെ തലയില്‍ വെക്കും. മറ്റൊരാളുടെ ഇത്തരം അവഹേളനങ്ങളുടെ പാത്രമാകേണ്ടതില്ലെന്ന എന്റെ ഡിറ്റര്‍മിനേഷനില്‍ ഞാന്‍ തിരിച്ചും അങ്ങനെ തന്നെ പ്രതികരിക്കും.

ഏകലവ്യന്റെ കഥ ഞാന്‍ മമ്മൂക്കയോടാണ് ആദ്യമായി പറയുന്നത്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെ പോയി. അപ്പോള്‍ പിന്നെ മമ്മൂട്ടിയോട് ഇനി ഒരു കഥയും പറയില്ലെന്ന് വാശിയില്‍ സ്വയമൊരു തീരുമാനമെടുത്തു. പിന്നീട് മമ്മൂട്ടിയെ നായകാനാക്കി അക്ബര്‍ എന്നൊരു നിര്‍മാതാവ് സിനിമ ചെയ്യണമെന്ന് പറഞ്ഞു വന്ന് കണ്ടു. പിന്നെ മമ്മൂട്ടി വിളിച്ചില്ലേ സിനിമ ചെയ്യുന്നില്ലേ എന്ന് ഷാജി കൈലാസ് എന്നോട് ചോദിച്ചു. ഷാജി ചെയ്‌തോ എനിക്ക് അങ്ങനൊരു സിനിമ താല്‍പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു.

മമ്മൂക്ക അന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്ന കാലമാണ്. അക്ബര്‍ എന്ന ആ നിര്‍മ്മാതാവ് കുറച്ച് ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തിന് ആ സിനിമ ചെയ്തേ മതിയാവൂ. അന്നത്തെ കാലത്ത് ഷുവര്‍ ഷോട്ടായതിനാലാകും മമ്മൂക്ക താന്‍ രഞ്ജിയോട് തിരക്കഥ വാങ്ങി ഷാജി സംവിധാനം ചെയ്യുന്നൊരു സിനിമ ചെയ്യൂ എന്ന് പറഞ്ഞത്.

എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമുള്ളത് കൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ലെന്ന് പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ഞാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. അക്ബര്‍ എന്റെ അമ്മയെ പോയി കണ്ട് കാര്യങ്ങള്‍ പറയുകയും ചെയ്തു. അമ്മ എന്നെ വിളിച്ചു, കുഞ്ഞേ നീ ആ സിനിമ എഴുതി കൊടുക്കണമെന്ന് പറഞ്ഞു. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നീ കുടുതല്‍ ഇങ്ങോട്ടൊന്നും പറയണ്ട അതങ്ങ് എഴുതി കൊടുക്കെന്നായിരുന്നു അമ്മ പറഞ്ഞത്.