മലയാളത്തില്‍ ഈ നടന്മാരോടൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹം: രശ്മിക മന്ദാന

ഗീത ഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ സൗത്ത് ഇന്ത്യയില്‍ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. കന്നഡയിലും തെലുങ്കിലും ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗീതാ ഗോവിന്ദമാണ് രശ്മികയ്ക്ക് വമ്പന്‍ സ്വീകാര്യത നേടി കൊടുത്തത്. വിജയ് ദേവരകൊണ്ടക്കൊപ്പം മികച്ച ഒരു വേഷത്തിലായിരുന്നു രശ്മിക എത്തിയത്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം ഡിയര്‍ കോമ്രേഡിലും രശ്മിക അഭിനയിച്ചിരിക്കുകയാണ്. കേരളത്തിലും ഒരുപാട് ആരാധകരുള്ള രശ്മിക തനിക്ക് മലയാളം സിനിമയിലും അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് പറയുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനം നിവിന്‍ പോളിയ്ക്കുമൊപ്പം അഭിനയിക്കാനാണ് രശ്മിക താല്‍പ്പര്യം പ്രകടിപ്പിച്ചത്.

‘മലയാളത്തില്‍ എന്തായാലും ഒരു ചിത്രത്തില്‍ അഭിനയിക്കണം. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ വളരെ ആഗ്രഹമുണ്ട്. അതിന്റെ കാരണമറിയില്ല. അദ്ദേഹത്തിന്റെ സിനിമകളുടെ പേരൊക്കെ ഓര്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും അവയെല്ലാം വളരെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം എങ്ങനെയുള്ള ആളാണെന്നെല്ലാം അറിയാം. പുഞ്ചിരിക്കുന്ന, എന്‍ജോയ് ചെയ്യുന്ന, എത്ര ടെന്‍ഷനുള്ള ജോലിയാണെങ്കിലും നമ്മളെ ആശ്വസിപ്പിക്കുന്ന നല്ല ആളുകള്‍ക്കൊപ്പം ജോലി ചെയ്യാനാണ് എനിക്കിഷ്ടം. നിവിനൊപ്പവും അഭിനയിക്കണം.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.

ഗീതാഗോവിന്ദത്തിനു ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ഭരത് കമ്മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മൈത്രി മേക്കേഴ്‌സ് നിര്‍മ്മിച്ച ചിത്രത്തിനായ് സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രം തെലുഗ്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.