ഗീതാഞ്ജലിയെ ഞാന്‍ ചോദ്യം ചെയ്യുമായിരുന്നു, പക്ഷെ എന്നോട് സംവിധായകന്‍ പറഞ്ഞത്...; വിമര്‍ശനങ്ങളോട് രശ്മിക

‘അനിമല്‍’ ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധത ചര്‍ച്ചകളില്‍ നിറയുകയാണ്. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീ കഥാപാത്രമാണ് അനിമലിലെ രശ്മികയുടെ ഗീതാഞ്ജലി എന്ന അഭിപ്രായവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രശ്മിക.

രണ്‍വിജയ് സിംഗ് എന്ന തന്റെ പങ്കാളിയുടെ എല്ലാ ക്രൂരതകളും സഹിച്ച് കുടുംബത്തിന് വേണ്ടി നിലകൊള്ളുന്ന കഥാപാത്രമാണ് ഗീതാഞ്ജലി. അത്തരം കഥാപാത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത് എന്നാണ് പ്രക്ഷേകര്‍ അധികവും അഭിപ്രായപ്പെട്ടത്.

”ഒരു അഭിനേതാവ് എന്ന നിലയില്‍ ചിലപ്പോള്‍ ഗീതാഞ്ജലിയുടെ ചില പ്രവര്‍ത്തനങ്ങളെ ഞാന്‍ ചോദ്യം ചെയ്യുമായിരുന്നു. എന്റെ സംവിധായകന്‍ എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, ഇതായിരുന്നു അവരുടെ കഥ. രണ്‍വിജയ്‌യും ഗീതാഞ്ജലിയും, അവരുടെ സ്‌നേഹവും അഭിനിവേശവും, അവരുടെ കുടുംബങ്ങളും അവരുടെ ജീവിതവും, ഇതാണ് അവര്‍.”

”എല്ലാ അക്രമങ്ങളും അസഹനീയമായ വേദനയും നിറഞ്ഞ ഒരു ലോകത്ത് ഗീതാഞ്ജലി സമാധാനത്തോടെയും ശാന്തിയോടെയും ജീവിക്കുന്നു. തന്റെ ഭര്‍ത്താവും മക്കളും സുരക്ഷിതരായിരിക്കാന്‍ അവള്‍ പ്രാര്‍ത്ഥിക്കുന്നു. അവള്‍ അവളുടെ കുടുംബത്തിന് വേണ്ടി എന്തും ചെയ്യും.”’

”ഗീതാഞ്ജലി എന്റെ ദൃഷ്ടിയില്‍ തികച്ചും സുന്ദരമാണ്, ചില കാര്യങ്ങളില്‍ അവള്‍ ശക്തയായി നിലകൊള്ളുകയും അവരുടെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്ന മിക്ക സ്ത്രീകളെയും പോലെയാണ്” എന്ന് സംവിധായകന്‍ പറഞ്ഞതായാണ് രശ്മിക ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കുന്നത്.

അതേസമയം, സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങളായ അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും 600 കോടി കളക്ഷന്‍ സ്വന്തമാക്കി ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.