ജാന്‍വി കപൂര്‍-സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രം ‘പരം സുന്ദരി’യെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. സിനിമ കേരളത്തെയും മലയാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്. കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടിയായി വരുന്ന ജാന്‍വി കപൂറിന്റെ മലയാളത്തിലെ സംഭാഷണങ്ങള്‍ ട്രോളുകളും വിമര്‍ശനങ്ങളും വാരിക്കൂട്ടിയിരുന്നു. സംഭാഷണങ്ങള്‍ മാത്രമല്ല, സിനിമയിലെ പല രംഗങ്ങളും കണ്ട് ഒരു രക്ഷയുമില്ല എന്ന വിമര്‍ശനങ്ങള്‍ സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു.
”മറ്റേതൊരു സിനിമയെയും പോലെ തന്നെ ‘പരം സുന്ദരി’ കേരളത്തെ വളരെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. മൊബൈല്‍ ഡേറ്റയോ, ഇന്റര്‍നെറ്റോ, പരിണാമമോ ഇല്ലാത്ത ഒരു സ്ഥലത്തിന്റെ നേര്‍ക്കാഴ്ചയാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ യഥാര്‍ഥ കേരളം ഇതിനേക്കാള്‍ മുന്നോട്ട് പോയിരിക്കുന്നു, അതിന് അനുസരിച്ച് സിനിമയും മാറേണ്ട സമയം അതിക്രമിച്ചു” എന്നാണ് രഞ്ജിത്ത് ശങ്കര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ചിത്രത്തില്‍ സിദ്ധാര്‍ഥ് നോര്‍ത്ത് ഇന്ത്യന്‍ യുവാവായും ജാന്‍വി മലയാളി പെണ്‍കുട്ടി ആയുമാണ് വേഷമിട്ടത്. പരം എന്ന കഥാപാത്രമായി സിദ്ധാര്‍ഥ് എത്തുമ്പോള്‍ സുന്ദരി ആയിട്ടാണ് ജാന്‍വി എത്തുന്നത്. കേരളത്തിലായിരുന്നു സിനിമയുടെ ഭൂരിഭാഗം ഷൂട്ടും നടന്നത്. ‘ദ കേരള സ്റ്റോറി’യിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാണ് സുന്ദരി എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്.
കേരളത്തിലെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സിദ്ധാര്‍ഥിന്റെയും ജാന്‍വിയുടെയും ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ചങ്ങനാശ്ശേരിയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. മലയാളി താരം രഞ്ജി പണിക്കറും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
Read more
സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ രഞ്ജി പണിക്കര്‍ വിമര്‍ശിച്ചിരുന്നു. അതൊരു ഫണ്‍ സിനിമയാണ്. നമ്മള്‍ മറ്റൊരു ഭാഷ പറയുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും പോരായ്മകളും ഒക്കയേ അവര്‍ മലയാളം പറഞ്ഞപ്പോഴും ഉണ്ടായിട്ടുള്ളൂ. ആ സിനിമയുടെ ടാര്‍ഗറ്റ് ഓഡിയന്‍സ് ഒരിക്കലും മലയാളികളല്ല. അതുകൊണ്ട് തന്നെ അതിന് റേസിസ്റ്റ് സ്വഭാവമില്ല എന്നായിരുന്നു രഞ്ജി പണിക്കര്‍ പറഞ്ഞത്.







