'അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞു': അച്ഛന്റെ മരണശേഷമുള്ള കാര്യങ്ങളെ കുറിച്ച് രഞ്ജിനി ഹരിദാസ്

അച്ഛന്‍ മരിച്ചിട്ടും അമ്മ രണ്ടാമതും വിവാഹം കഴിക്കാത്തതിന്റെ കാരണങ്ങള്‍ പറഞ്ഞ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. അമ്മ സുജാതയ്‌ക്കൊപ്പമാണ് രഞ്ജിനി തന്റെ യൂട്യൂബ് ചാനലില്‍ സംസാരിച്ചത്. 20ാം വയസിലാണ് അമ്മ വിവാഹിതയാവുന്നത്. പക്ഷേ അമ്മയുടെ മുപ്പതാമത്തെ വയസ്സില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍ മരിച്ചു.

രണ്ടാം വിവാഹത്തെ കുറിച്ച് അമ്മ എന്ത് കൊണ്ട് ആലോചിച്ചിട്ടില്ല എന്നത് അമ്മ തന്നെ പറയും എന്നാണ് രഞ്ജിനി പറയുന്നത്. തനിക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നത് കൊണ്ട് അവരുടെ കാര്യത്തിനാണ് താന്‍ പ്രാധാന്യം കൊടുത്തത്. വേറൊരാള്‍ വേണമെന്നോ കൂട്ടില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നോ തോന്നിയിട്ടില്ല. പക്ഷേ തന്റെ അമ്മയുടെയും അച്ഛന്റെയും പിന്തുണ എപ്പോഴും ഉണ്ടായിരുന്നു.

തന്റെ ജീവിതരീതി അങ്ങനെ ആയത് കൊണ്ടാവും തോന്നാത്തത് എന്നാണ് സുജാത പറയുന്നത്. അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ച് അമ്മൂമ്മ തന്നോട് സംസാരിച്ച കാര്യങ്ങളും രഞ്ജിനി പറയുന്നുണ്ട്. “”ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍, അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. “രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്”, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു.””

“”വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കില്ലെന്ന് അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പ്ലസ് ടുവിലൊക്കെ എത്തി കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നപ്പോള്‍ അമ്മയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിച്ചോളാന്‍ ഞാന്‍ അമ്മയോട് പറഞ്ഞിരുന്നു”” എന്നാണ് രഞ്ജിനി പറയുന്നത്.

ലൈംഗികമായും മറ്റും തനിക്ക് അറിവു വന്നത് അപ്പോഴായിരുന്നു. പക്ഷേ അമ്മ ഈ ജീവിതത്തില്‍ സന്തോഷവതിയായിരുന്നു എന്നും രഞ്ജിനി വ്യക്തമാക്കി. തന്റെ കാര്യത്തില്‍ വിവാഹത്തിനായി തനിക്ക് ഇതുവരെ പക്വത വന്നിട്ടില്ല. വ്യക്തിപരമായി നമ്മള്‍ ആരാണെന്ന് അറിഞ്ഞിട്ട് വേണം വിവാഹത്തിന് തയ്യാറെടുക്കാന്‍ ന്നെും രഞ്ജിനി പറഞ്ഞു.