അന്ന് എനിക്ക് 60 വയസായിരിക്കും പ്രായം, അപ്പോള്‍ അവര്‍ക്കൊപ്പം എനിക്ക് ഫുട്‌ബോള്‍ കളിക്കാനും ഓടാനുമൊക്കെ കഴിയുമോ?; തന്റെ ഭയത്തെ കുറിച്ച് രണ്‍ബീര്‍ കപൂര്‍

മാതാപിതാക്കളായി ഒരു മാസം പിന്നിട്ടിരിക്കുകയാണ് രണ്‍ബീറും ആലിയയും. അച്ഛനായി എന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. കുഞ്ഞിന് പകര്‍ന്നു കൊടുക്കേണ്ട മൂല്യങ്ങളേക്കുറിച്ച് താനും ആലിയയും ചര്‍ച്ച ചെയ്യാറുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു. അനുകമ്പ, കരുണ, ബഹുമാനം അങ്ങനെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട പല കാര്യങ്ങളുമുണ്ട്. ആലിയയും താനും വര്‍ക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് ഒരുമിച്ചായിരിക്കാന്‍ ശ്രമിക്കാറുണ്ട്- രണ്‍ബീര്‍ പറയുന്നു.

സത്യത്തില്‍ അച്ഛനായി എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മകളേപ്പറ്റി പറയുമ്പോള്‍ ഞാന്‍ എപ്പോഴും ആലോചിക്കും ഓ..ഞാനൊരു അച്ഛനായി അല്ലേ എന്ന്- രണ്‍ബീര്‍ പറഞ്ഞു. എന്റെ ഏറ്റവും വലിയ പേടി എന്താണെന്നു വച്ചാല്‍ കുട്ടികള്‍ക്ക് 20, 21 വയസാകുമ്പോള്‍ അന്ന് എനിക്ക് 60 വയസായിരിക്കും പ്രായം.

അപ്പോള്‍ അവര്‍ക്കൊപ്പം എനിക്ക് ഫുട്‌ബോള്‍ കളിക്കാനും ഓടാനുമൊക്കെ കഴിയുമോ എന്ന ഭയം തനിക്കുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേതുമായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും. കരണ്‍ ജോഹര്‍ ഒരുക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രമാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമലാണ് രണ്‍ബീറിന്റെ റിലീസിനായി ഒരുങ്ങുന്ന ചിത്രം. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത റൊമാന്റിക്- കോമഡി ചിത്രത്തിലും രണ്‍ബീര്‍ ആണ് നായകനായി എത്തുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.