'അമ്മ' സംഘടന തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ല: തുറന്നടിച്ച് രമ്യാ നമ്പീശന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും നടിമാര്‍ കൂട്ടമായി രാജിവെച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ്, റിമാ കല്ലിങ്കല്‍ എന്നിവരായിരുന്നു രാജിവെച്ച പ്രമുഖര്‍. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് രമ്യാ നമ്പീശന്‍.

“അമ്മ” സംഘടന തിരിച്ച് വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് രമ്യ നമ്പീശന്‍. റെഡ് എഫ്എമ്മിന്റെ റെഡ്കാര്‍പ്പറ്റിലാണ് തന്റെ വിട്ടു വീഴ്ച്ചയില്ലാത്ത നിലപാട് രമ്യ പരസ്യമാക്കിയത്. ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് തിരിച്ചില്ലെന്ന നിലപാടിലാണ് രമ്യ.

Read more

2018 ലാണ് രമ്യാ നമ്പീശന്‍ അടക്കം നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജി വെച്ചത്. “”അമ്മ”യില്‍നിന്നു രാജി വയ്ക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി. ഹീനമായ ആക്രമണം നേരിട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയോടു തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണു സംഘടന സ്വീകരിച്ചത്. ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു. നീതി പുലരട്ടെ.” എന്നാണ് രാജി അറിയിച്ച് രമ്യ പറഞ്ഞത്.