മമ്മൂക്കയ്‌ക്കൊപ്പം പോകുമ്പോള്‍ ആര് ദേഷ്യപ്പെട്ടാലും പ്രതികരിക്കില്ല, ചിരിച്ചോണ്ടിരിക്കും.. വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ കൂടെ പോകും: രമേഷ് പിഷാരടി

‘ഗാനഗന്ധര്‍വ്വന്‍’ സിനിമയ്ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം പൊതു വേദികളില്‍ എല്ലാം രമേഷ് പിഷാരടിയും ഉണ്ടാവാറുണ്ട്. എപ്പോഴും മമ്മൂട്ടിക്കൊപ്പം എത്തുന്നത് എങ്ങനെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പിഷാരടി ഇപ്പോള്‍. മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും താന്‍ കൂടെ പോകും എന്നാണ് പിഷാരടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ എപ്പോഴും കൂടെ പോകും. ആത്മബന്ധമെന്നൊന്നും പറയാനാകില്ല. ഗാനഗന്ധര്‍വന്‍ ചെയ്ത ശേഷവും കൊവിഡ് സമയത്തും അല്ലാതെയും തനിക്ക് ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകാന്‍ പറ്റുന്നുണ്ട്. ഞാന്‍ എപ്പോഴും അദ്ദേഹത്തോടൊപ്പം പോകുന്നതാണ്.”

”അദ്ദേഹം എപ്പോഴെങ്കിലും ഇനി കൂടെ വരണ്ടെന്ന് പറഞ്ഞാല്‍ പിന്നെ ഞാന്‍ പോകില്ല. പക്ഷെ അങ്ങനെ അദ്ദേഹത്തെ കൊണ്ട് പറയാതിരിപ്പിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. പൊതുമധ്യത്തില്‍ വെച്ച് ആര് ദേഷ്യപ്പെട്ടാലും താന്‍ പ്രതികരിക്കാന്‍ പോകില്ല. കേട്ട് ചിരിച്ചോണ്ടിരിക്കും” എന്നാണ് രമേഷ് പിഷാരടി പറയുന്നത്.

”എന്നെ സംബന്ധിച്ച് എനിക്ക് എതിരെ വരുന്നവന്‍ എന്നെ എന്ത് ചീത്ത വിളിച്ചാലും അത് എന്റെ വിഷയമല്ല എന്നെ ബാധിക്കില്ല. കാരണം അത് വെറും ശബ്ദമല്ലേ. ഞാന്‍ അമേരിക്കയിലൊക്കെ പോകുമ്പോള്‍ സാധനമൊക്കെ വാങ്ങാന്‍ കേറിയാല്‍ തൊട്ട് കാണിക്കുമ്പോള്‍ ഞാന്‍ മലയാളത്തില്‍ ചീത്ത പറയും.”

”അത് അവര്‍ക്ക് മനസിലാവില്ലല്ലോ എന്ന ധൈര്യത്തിലാണ് പറയുന്നത്. ഒരാള്‍ നമ്മളെ ചീത്ത പറയുമ്പോള്‍ നമുക്ക് കൊള്ളുന്നതിന് കാരണം ഭാഷയും ആ ചീത്ത പറയുന്ന മനുഷ്യനേയും അറിയാവുന്നത് കൊണ്ടാണ്. അവന്‍ പറയുന്നത് മനസിലാക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ അത് നമ്മളെ ബാധിക്കില്ല അതാണ് സത്യം.”

”നമ്മുടെ കാര്യങ്ങളുടെ കണ്‍ട്രോള്‍ വേറൊരാള്‍ക്ക് കൊടുക്കരുത്. ഞാന്‍ ഒരു ലിമിറ്റ് വെച്ചിട്ടുണ്ട് അതിനുള്ളില്‍ വന്ന് ആരെങ്കിലും കൈ കടത്തിയാല്‍ മാത്രമെ എനിക്ക് പ്രശ്‌നമുള്ളു. അല്ലാത്ത പക്ഷെ എനിക്കൊരു ചുക്കുമില്ല” എന്നാണ് രമേഷ് പിഷാരടി പറയുന്നത്.