സോഷ്യല്‍ മീഡിയയില്‍ വെറും ഹാഷ് ടാഗ് മാത്രം ആകാതെ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്ന് ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍: സ്റ്റാന്‍ഡ് അപ്പിനെ കുറിച്ച് രജിഷ വിജയന്‍

രജിഷ വിജയനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന വിധു വിന്‍സെന്റ് ചിത്രം “സ്റ്റാന്‍ഡ് അപ്പ്” ഡിസംബര്‍ 13ന് റിലീസിനെത്തുകയാണ്. സ്റ്റാന്‍ഡപ്പ് കൊമേഡിയന്റെ കഥ പറയുന്ന ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത് വ്യത്യസ്തമായ പ്രമേയം തന്നെയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് രജിഷ വിജയന്‍.

ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കാഥാപാത്രമാണ് തന്റേതെന്നും, താന്‍ ഈ സമൂഹത്തില്‍ പറയണം എന്ന് ആഗ്രഹിച്ച ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രം കൂടിയാണ് സ്റ്റാന്‍ഡ് അപ് എന്നും രജിഷ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ വെറും ഹാഷ് ടാഗ് മാത്രം ആയി പോകാതെ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യപ്പെടണം എന്ന് താന്‍ വ്യക്തിപരമായി ആഗ്രഹിച്ച ചില കാര്യങ്ങള്‍ ഈ ചിത്രത്തിലൂടെ സമൂഹത്തിനു മുന്നിലേക്ക് എത്തിക്കുന്നുണ്ട് എന്നും രജിഷ പറഞ്ഞു.

നിമിഷ സജയനാണ് ചിത്രത്തില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി എത്തുന്നത്. രണ്ട് പെണ്‍കുട്ടികളുടെ കഥായാണ് പറയുന്നത്. അര്‍ജ്ജുന്‍ അശോകന്‍, സീമ, സേതുലക്ഷ്മി, വെങ്കിടേശ്, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐവി ജുനൈസ്, ദിവ്യ ഗോപിനാഥ്, ധ്രുവ് ധ്രുവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.