കറുത്ത പട്ടി, പുറകിലേക്ക് മാറി നില്‍ക്ക് എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്: രാഘവ ലോറന്‍സ്

സ്റ്റണ്ട് മാസ്റ്ററുടെ കാര്‍ ക്ലീനറായി ജോലി ചെയ്തിരുന്ന ലോറന്‍സ് ഡാന്‍സിനോടുള്ള അടങ്ങാത്ത ആഗ്രഹത്തെ തുടര്‍ന്നാണ് സിനിമയില്‍ എത്തിയത്. ബാക്ക്ഗ്രൗണ്ട് ഡാന്‍സര്‍ ആയി കരിയര്‍ തുടങ്ങിയ ലോറന്‍സ്, പ്രഭുദേവ, ചിരഞ്ജീവി എന്നിവരുടെ ചിത്രത്തില്‍ ഡാന്‍സറായി എത്തിയതോടെയാണ് ശ്രദ്ധ നേടുന്നത്.

ഡാന്‍സ് മാസ്റ്റര്‍ ആയ ലോറന്‍സ് പിന്നീട് നടന്‍, സംവിധായകന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചു. താന്‍ കരിയറിന്റെ ആദ്യ കാലത്ത് നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് രാഘവ ലോറന്‍സ് ഇപ്പോള്‍. ‘ജിഗര്‍തണ്ട 2’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ ആണ് നിറത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടതിനെ ലോറന്‍സ് സംസാരിച്ചത്.

കളര്‍ പൊളിറ്റിക്‌സ് ഇപ്പോഴും തമിഴ് സിനിമയില്‍ ഉണ്ടോ എന്ന ചോദ്യത്തോടാണ് രാഘവ പ്രതികരിച്ചത്. ”ഇപ്പോഴതില്ല. ഞാന്‍ ഗ്രൂപ്പ് ഡാന്‍സറായി ഇരുന്ന സമയത്ത് അത് ഉണ്ടായിരുന്നു. പ്രഭുദേവ മാസ്റ്റര്‍ വന്നതിന് ശേഷമാണ് അതില്‍ മാറ്റം വന്നത്. കറുത്ത പട്ടി, പുറകിലേക്ക് മാറി നില്‍ക്ക് എന്നൊക്കെ പറഞ്ഞ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.”

”സെക്കന്റ് റോയില്‍ നിന്നാലും ബാക്കില്‍ പോയി നില്‍ക്കാന്‍ പറയുമായിരുന്നു. പ്രഭുദേവ മാസ്റ്റര്‍ വന്നപ്പോഴാണ് ടാലന്റിന് ബഹുമാനവും മര്യാദയും എന്ന കാര്യം വരുന്നത്. അന്ന് നമ്മളെ കറുപ്പന്‍ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനില്‍ക്കുന്നത്.”

”ഈ അവസരത്തില്‍ അവരോടും നന്ദി പറയുകയാണ്” എന്നാണ് ലോറന്‍സ് പറഞ്ഞത്. ജിഗര്‍തണ്ട 2 ട്രെയ്‌ലറില്‍ കറുപ്പിനെ കുറിച്ച് ലോറന്‍സ് പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഘവ ലോറന്‍സിനൊപ്പം എസ്.ജെ സൂര്യ, ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.