'കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്, പക്ഷേ അത് ദിലീപല്ല'; നിര്‍മ്മാതാവ് സജി നന്ത്യാട്ട്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും അത് ആദ്യം മുതല്‍ താന്‍ പറഞ്ഞുവരുന്ന കാര്യമാണെന്നും അതിനെ ശരിവെക്കുന്ന കാര്യങ്ങളാണ് ഇതുവരെ നമ്മള്‍ കണ്ടതെന്നും അദ്ദേഹം മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘കാവ്യാ മാധവന്‍ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ഈ കേസിന്റെ നാള്‍വഴികള്‍ നോക്കുന്നവര്‍ക്കറിയാം. കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്. പക്ഷേ അത് ദിലീപല്ല. നമ്മള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അതിനെ വ്യാഖ്യാനിക്കുമ്പോള്‍ ഇഷ്ടമുള്ള രീതിയില്‍ മാറ്റുകയാണ്.’

‘മറ്റുചില ആളുകളുടെ കളി ഇവിടെ നടന്നിട്ടുണ്ട്. നന്നായി വിലയിരുത്തിയാല്‍ അത് മനസിലാവും. ദിലീപ് പ്രതിയാണെന്ന് ഒരു ശബ്ദസന്ദേശമോ മറ്റോ നമുക്കാര്‍ക്കും കാണാന്‍ പറ്റിയിട്ടില്ല. കാവ്യയെ പ്രതിയാക്കിയാല്‍ ഈ കേസ് മുഴുവന്‍ പോയി. കഴിഞ്ഞ 2017 മുതല്‍ ദിലീപാണ് പ്രതി എന്നുപറഞ്ഞിട്ട് അവസാനം കാവ്യ പ്രതിയായാല്‍ കേസിന്റെ മൊത്തത്തിലുള്ള മെറിറ്റ് നഷ്ടപ്പടില്ലേ’ അദ്ദേഹം ചോദിച്ചു.

ഒരു കേസിനെ അതിന്റെ അക്കാദമിക് സെന്‍സിലെടുക്കണമെന്നും പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഈ കേസ് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.