മനസില്‍ കരയുകയാണ് എന്നും.. ഓര്‍ക്കാനൂടെ വയ്യ..; കുറിപ്പുമായി ലിസ്റ്റിന്‍ സ്റ്റീഫന്‍

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവാറുള്ള നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. നര്‍മ്മത്തില്‍ കലര്‍ന്ന ലിസ്റ്റിന്റെ ഉത്തരങ്ങള്‍ പ്രസ് മീറ്റില്‍ ശ്രദ്ധ നേടാറുണ്ട്. ട്രാഫിക് എന്ന സിനിമ നിര്‍മ്മിച്ചു കൊണ്ടാണ് മാജിക് ഫ്രെയിംസ് എന്ന നിര്‍മ്മാണ കമ്പനിയുമായി ലിസ്റ്റിന്‍ മലയാള സിനിമയിലേക്ക് എത്തിയത്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും അദ്ദേഹം പങ്കുവയ്ക്കുന്ന രസകരമായ കുറിപ്പുകള്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ആണ് വൈറലാകുന്നത്.

”മനസില്‍ കരയുകയാണ് എന്നും.. ഫോട്ടോ എടുക്കുമ്പോള്‍ ചിരിക്കുകയാണ് എന്നും തോന്നാം.. നിന്നെക്കാള്‍ മികച്ച ഒരുത്തിയെ എനിക്കും എന്നേക്കാള്‍ മികച്ച ഒരുത്തനെ എന്തായാലും നിനക്കും കിട്ടിയേനെ എന്ന് മനസ്സിലും ഉച്ചത്തിലും എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാകും..”

”എന്തായാലും ഇപ്പോള്‍ എട്ട് വര്‍ഷം… ഓര്‍ക്കാനൂടെ വയ്യ ..പക്ഷെ ഓര്‍ത്തേ പറ്റൂ … അതാണ് ജീവിതവും കുടുംബജീവിതം. ഇപ്പോള്‍ ഞാന്‍, നീ, ഐസക്, ഇസബല്‍” എന്നാണ് ലിസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഭാര്യ ബെനിറ്റ ജേക്കബിനും മക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോകളും ലിസ്റ്റിന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 2015 ഓഗസ്റ്റില്‍ ആയിരുന്നു ബെനിറ്റ ജേക്കബും ലിസ്റ്റിനും വിവാഹിതരായത്. താരസമ്പന്നമായ വിവാഹത്തില്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെ ഒട്ടനവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.