നസ്‌ലിൻ കമൽഹാസൻ ചിത്രത്തിലേതുപോലെ, നിഷ്‌കളങ്കനാണ്, എന്നാൽ നല്ല കള്ളനും; പ്രശംസിച്ച് പ്രിയദർശൻ

ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് നസ്ലിൻ. തണ്ണീർ മത്തൻ ദിനങ്ങൾ, പ്രേമലു പോലുളള ചിത്രങ്ങളിലൂടെ നസ്ലിൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സഹ​നടനിൽ തുടങ്ങി ഇപ്പോൾ നായകനടനായി തിളങ്ങിനിൽക്കുന്ന വളർച്ചയാണ് താരത്തിന്റേത്. ഓണത്തിന് തിയേറ്ററുകളിൽ എത്തുന്ന ലോക ചാപ്റ്റർ 1 ചന്ദ്രയാണ് നസ്ലിന്റെ എറ്റവും പുതിയ ചിത്രം. സിനിമയുടെ ട്രെയിലർ ലോഞ്ചിൽ നസ്ലിനെ കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.

നസ്ലിൻ തന്റെ പ്രിയപ്പെട്ട നടനാണ് എന്ന് പറഞ്ഞ പ്രിയദർശൻ യുവതാരത്തെ കമൽഹാസനോടാണ് ഉപമിച്ചിരിക്കുന്നത്. ”നസ്ലിൻ എന്റെ പ്രിയപ്പെട്ട നടനാണ്. വിഷ്ണു വിജയം എന്ന സിനിമ കാണുമ്പോൾ കമൽഹാസൻ എന്നൊരു നടനെ കണ്ടിട്ടുണ്ട്. ഭയങ്കര നിഷ്‌കളങ്കനും എന്നാൽ നല്ല കള്ളനും ആണെന്ന് നമുക്ക് മനസിലാകും. അതേ സാധനം രണ്ടാമത് ഇറങ്ങിയിരിക്കുകയാണ് നസ്ലിനായിട്ട്” എന്നാണ് പ്രിയദർശൻ ചടങ്ങിൽ പറഞ്ഞത്.

മകൾ കല്യാണിക്കും ചടങ്ങിൽ പ്രിയദർശൻ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കല്യാണി നടിയാകുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രിയദർശൻ പറയുന്നു. മകൾ അഭിനയിക്കുന്നതിനെക്കുറച്ച് ചോദിച്ചപ്പോഴും തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നാണ് പ്രിയദർശൻ പറയുന്നത്. അരങ്ങേറ്റ ചിത്രത്തിന് മുമ്പ് മകളുമായി നടന്ന സംസാരത്തെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്

“എന്റെ മകൾ സിനിമയിൽ അഭിനയിക്കുമെന്ന് എന്റെ ജീവിതത്തിൽ ഒരിക്കലും വിചാരിച്ചിട്ടില്ല. ഒരിക്കൽ വന്ന് എന്നോട് ചോദിച്ചു, അച്ഛാ നാഗാർജുന അങ്കിൾ പറയുന്നു ഒരു സിനിമയിൽ അഭിനയിക്കുമോ എന്ന്. നിന്നെക്കൊണ്ട് കഴിയുമോ? അവർ അങ്ങനെ പലതും പറയും. നമ്മുടെ കഴിവിനെക്കുറിച്ച് നമുക്ക് ബോധ്യം ഉണ്ടാകണം എന്ന് ഞാൻ പറഞ്ഞു. ശ്രമിച്ചു നോക്കാം നഷ്ടപ്പെടാൻ ഒന്നും ഇല്ലല്ലോ എന്ന് അവൾ പറഞ്ഞു. അങ്ങനെയാണ് കല്യാണി അഭിനയിക്കാൻ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. മക്കളെ പോലുള്ളവർ എടുക്കുന്ന സിനിമയ്ക്ക് അച്ഛന്റെ പ്രാർത്ഥന ഉണ്ടാകണം എന്നും ലോക ഒരു ലോക ഹിറ്റാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Read more

ഓഗസ്റ്റ് 28 നാണ് ലോക തിയേറ്ററുകളിലേക്ക് എത്തുക. കല്യാണി ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ നസ്ലിൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാൻ ആണ് നിർമിക്കുന്നത്.