ഞാന്‍ കുറച്ച് വട്ടുള്ള കൂട്ടത്തിലാണ്, എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്: പൃഥ്വിരാജ്

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. പൃഥ്വിരാജ് ലിസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ കൂടുതല്‍ വട്ടുള്ള ഒരാളെ താന്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെ പരിചയപ്പെട്ടപ്പോഴാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘കടുവ’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ”ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തില്‍ എടുത്തുപറയണം, ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിന്‍ ഒപ്പമുണ്ടായിരുന്നു.”

”കെജിഎഫ് 2, ചാര്‍ലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിന്‍ ഉണ്ടായിരുന്നു. ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്.”

”അങ്ങനെ കൂടെ കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നുവെങ്കില്‍ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും ലാഭമുള്ള നിര്‍മ്മാണക്കമ്പനി ആകില്ലായിരുന്നു” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

Read more

അതേസമയം, കടുവ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. ”കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.