അതുവരെ മോനേ എന്ന് വിളിച്ചിരുന്ന ആൾ ക്യാമറയ്ക്ക് മുന്നിലെത്തിയാൽ സാർ എന്ന് വിളിക്കും: പൃഥ്വിരാജ്

പൃഥ്വിരാജ് സംവിധായകനായ ആദ്യ ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ ലൂസിഫർ. സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ തകർത്താടിയ ചിത്രം ആ വർഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലവും സ്റ്റീഫനിൽ നിന്നും അബ്രാം ഖുറേഷിയിലേക്കുള്ള പരിണാമമായിരിക്കും ചിത്രം ചർച്ച ചെയ്യുന്നത്.

ഇപ്പോഴിതാ മോഹൻലാൽ എന്ന നടനുമായുള്ള ചിത്രീകരണ സമയത്തെ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. അതുവരെ മോനേ എന്ന് വിളിച്ചുനിന്നിരുന്ന ആൾ ക്യാമറയ്ക്ക് മുന്നിലെത്തിയാൽ സാർ എന്ന് വിളിക്കുമെന്നും, കൂടാതെ ഒരു സംവിധായകന് എന്താണ് ഒരു നടനിൽ നിന്നും വേണ്ടത് അത് കൃത്യമായും തരുന്ന ഒരാൾ കൂടിയാണ് മോഹൻലാൽ എന്നും പൃഥ്വിരാജ് പറയുന്നു.

“മോഹൻലാൽ സാറിനെ പോലെ, തന്റെ സംവിധായകന്റെ ആ​ഗ്രഹവും വാക്കും പാലിച്ചുകൊണ്ട് സ്വയം സമ‍ർപ്പിക്കുന്ന മറ്റൊരു നടനെയും കാണാൻ സാധിക്കില്ല, ഇത് ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിച്ചെന്ന് വരില്ല, ലൊക്കേഷനിൽ ഞങ്ങൾ തമാശകൾ പറയുകയും ചിരിക്കുകയുമൊക്കെ ചെയ്യാറുണ്ട്, അപ്പോഴൊക്കെ അദ്ദേഹം എന്നേ മോനെ എന്ന് വിളിച്ചാണ് സംസാരിക്കാറുള്ളത്. എന്നാൽ ക്യമറയുടെ മുന്നിലെത്തുന്ന ആ നിമിഷം ആ മോനെ വിളി മാറി സാ‍ർ എന്നാകും.

അദ്ദേഹത്തിന് എല്ലാത്തിനെ കുറിച്ചും അറിവ് ഉണ്ടാകും ഏത് ഷോട്ടാണ് എടുക്കേണ്ടത് എന്നും ക്യമാറ ട്രാക്കിലാണ് എങ്കിൽ അതൊരു മൂവിങ് ഷോട്ട് ആണ് എന്നുമൊക്കെ മനസിലാക്കാൻ അറിയാം. എന്നിരുന്നാലും അദ്ദേഹം സംവിധായകനോട് ചോദിക്കും, ‘സാർ ഞാൻ എന്താണ് ചെയ്യേണ്ടത്?’ എന്ന്.

ശേഷം സംവിധായകന് എന്താണ് വേണ്ടത് എന്ന് അദ്ദേഹം ഇരുന്ന് കേൾക്കും, അത് അദ്ദേഹം അതേ പോലെ നമുക്ക് ചെയ്ത് തരും. ഒരു നടൻ എന്ന നിലയിൽ എനിക്ക് അദ്ദേഹം വളരെ വലിയ പാഠമാണ്, കാരണം എനിക്ക് മനസിലായി മോഹൻലാൽ സാർ എന്താണ് എനിക്ക് നൽകുന്നത് അതാണ് ഞാൻ എന്റെ സംവിധായകന് കൊടുക്കേണ്ടത് എന്ന്.” എന്നാണ് മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.