മാർച്ച് 28 പൃഥ്വിയുടെ ഭാഗ്യദിനം; നടനായും സംവിധായകനായും 100 കോടി ക്ലബ്ബിൽ; അപൂർവ്വ നേട്ടവുമായി പൃഥ്വിരാജ്

നടനായും സംവിധായകനായും 100 കോടി ക്ലബിൽ കയറിയ അപൂർവ്വ നേട്ടവുമായി മലയാളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.

പൃഥ്വിയുടെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭമായിരുന്നു 2019-ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ പൊളിറ്റിക്കൽ- ആക്ഷൻ ത്രില്ലർ ചിത്രം ‘ലൂസിഫർ’. സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി മോഹൻലാൽ നിറഞ്ഞാടിയപ്പോൾ വലിയ സാമ്പത്തിക വിജയമാണ് ചിത്രം നേടിയത്. 127 കോടി രൂപയാണ് ചിത്രം വേൾഡ് വൈഡ് കളക്ഷനായി നേടിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Lucifer - Accel Media

ഇപ്പോഴിതാ നായകനായി എത്തിയ ആടുജീവിതവും 100 കോടി ക്ലബ്ബിൽ കയറിയിരിക്കുന്നു. റിലീസ് ചെയ്ത് ഒൻപത് ദിവസങ്ങൾ കൊണ്ടാണ് ചിത്രം നേട്ടം കൈവരിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. കൂടാതെ ഏറ്റവും വേഗത്തിൽ 100 കോടി നേട്ടം കൈവരിക്കുന്ന മലയാള സിനിമ കൂടിയാണ് ആടുജീവിതം.

സംവിധായകനായും നായകനായും വ്യത്യസ്ത വേഷങ്ങളിൽ എത്തിയ പൃഥ്വിയുടെ രണ്ട്  ചിത്രങ്ങളും ഒരേ ദിവസം തന്നെയാണ് റിലീസിനെത്തിയത് എന്നതും ശ്രദ്ധേയമാണ്. 2019 മാർച്ച് 28 ന് ലൂസിഫറും, അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റൊരു മാർച്ച് 28 ന് ആടുജീവിതവും പ്രേക്ഷകർക്ക് മുന്നിലെത്തി.

മലയാളത്തിൽ 100 കോടി നേട്ടം കൈവരിക്കുന്ന ആറാമത്തെ ചിത്രമാണ് ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം. നേരത്തെ പുലിമുരുകൻ, ലൂസിഫർ, 2018, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നിന്നും 100 കോടി നേട്ടം കൈവരിച്ച ചിത്രങ്ങൾ.