“ഹിന്ദുക്കൾ ‘തനാതനിയരല്ല, ‘തനാതനിയർ’ മനുഷ്യവിരുദ്ധർ” ; പെരിയാറിന്റെയും ഡോ.അംബേദ്കറുടെയും ചിത്രത്തിനൊപ്പം പ്രകാശ് രാജിന്റെ പോസ്റ്റ്

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂടുള്ള ചർച്ചകൾക്കും രാഷ്ട്രീയ ധ്രുവീകരണത്തിനും വരെ കാരണമായ അഭിപ്രായമായിരുന്നു  ഉദയനിധി  സ്റ്റാലിന്റെ സനാതന ധർമ്മത്തെ പറ്റിയുള്ള അഭിപ്രായം. സനാതന ധർമ്മം സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണ്,മലേറിയയും ഡങ്കിയും പോലെ അതിനെ തുടച്ചു നീക്കണമെന്നായിരുന്നു ഉദയനിധി അഭിപ്രായപ്പെട്ടത്. 

ഈ സംഭവത്തിൽ പ്രകാശ് രാജിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാവുന്നത്. “ഹിന്ദുക്കൾ ‘തനാതനിയരല്ല, ‘തനാതനിയർ’ മനുഷ്യവിരുദ്ധരാണ്” എന്ന കുറിപ്പോടെ  പെരിയാർ ഇ. വി രാമസാമിയുടെയും ഡോ. ബി. ആർ അംബേദ്കറുടെയും ചിത്രത്തിന്റെ കൂടെയാണ് എക്സിൽ പ്രകാശ് രാജ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ഇതുവരെ 2 മില്ല്യൺ ആളുകൾ കാണുകയും 23000 പേർ ലൈക്ക് ചെയ്യുകയും ചെയ്തു.

ഉദയനിധി സ്റ്റാലിനെതിരെ  സംഘപരിവാർ അനുകൂല സംഘടനകളും വിവിധ ബി.ജെ. പി നേതാക്കളും രംഗത്ത് വന്നിരുന്നു. തനിക്കെതിരെ വധഭീഷണി വന്നിട്ട് പോലും ഉദയനിധി തന്റെ അഭിപ്രായത്തിൽ മാറ്റം വരുത്തിയിരുന്നില്ല. 

ഉദയനിധി സ്റ്റാലിൻ പറഞ്ഞതിൽ നിന്നും കാര്യങ്ങൾ അടർത്തി മാറ്റികൊണ്ടായിരുന്നു ഇതിനെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നത്. മലയാളത്തിൽ നിന്നും നടി രചന നാരായണൻ കുട്ടി അടക്കം സനാതന ധർമ്മത്തെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.