പത്ത് വർഷമെടുത്തു എനിക്ക് അതിൽ നിന്ന് പുറത്തുവരാൻ, ശരീരം വാണിംഗ് തന്നപ്പോൾ മുതലാണ് മെൻ്റൽ ഹെൽത്തിന് വേണ്ടിയുള്ള യാത്ര ആരംഭിക്കുന്നത്: പാർവതി തിരുവോത്ത്

മെന്റൽ ഹെൽത്തിനെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുകയാണ് പാർവതി തിരുവോത്ത്. തനിക്ക് സംഭവിച്ച ട്രോമയിൽ നിന്നും പുറത്തുവരാൻ നീണ്ട പത്ത് വർഷങ്ങൾ വേണ്ടിവന്നുവെന്നാണ് പാർവതി പറയുന്നത്. നമ്മൾ ഒരിക്കലും മെന്റൽ ഹെൽത്തിനെ വകവെക്കാതിരിക്കരുത് എന്നും അതിനെ കെയർ ചെയ്യണമെന്നും പാർവതി പറയുന്നു.

“10 വർഷമെടുത്തു എനിക്ക് അതിൽ നിന്ന് പുറത്തുവരാൻ. 2014ൽ ബാംഗ്ലൂർ ഡേയ്‌സ് ചെയ്യുന്ന സമയത്താണ് ഞാൻ എന്റെ പ്രശ്‌നം തിരിച്ചറിയുന്നത്.

ഒരു ഷോട്ട് കഴിഞ്ഞ് അടുത്ത ഷോട്ടിന് പോകുന്നതിനിടയിൽ ഞാൻ വീണു. എല്ലാവരും എന്നെ ഹോസ്‌പിറ്റലിലേക്ക് എടുത്തുകൊണ്ടുപോയി. അപ്പോഴാണ് എന്റെ ബോഡി എനിക്ക് ആദ്യമായി ഒരു വാണിങ് തന്നത്, നിങ്ങൾ ഒരുപാട് കാര്യങ്ങൾ അടിച്ചമർത്തിവെച്ചിരിക്കുന്നു, ഇനി അത് ശരീരം താങ്ങില്ല. അതുവരെ എനിക്ക് അറിയില്ലായിരുന്നു നമ്മുടെ മനസ് ശരിയാക്കിയില്ലെങ്കിൽ ശരീരം അതിനോട് പ്രതികരിക്കുമെന്ന്. അതിന് സൈക്കോസോമാറ്റിക് ആയിട്ടുള്ള പ്രശ്‌നങ്ങൾ തുടങ്ങി.

ഡോക്ടറോട് എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞപ്പോൾ ഡോക്ട‌ർ ചോദിച്ചത്, ശ്വസിക്കാൻ പറ്റുന്നില്ലാ എന്നാണോ അതോ ശ്വസിക്കുന്നത് അറിയുന്നില്ല എന്നാണോ? ശ്വസിക്കേണ്ടത് എങ്ങനെയാണെന്ന് പോലും ഞാൻ മറന്നുപോയി. അങ്ങനെയാണ് ബോഡി റിയാക്‌ട് ചെയ്യുന്നത്. അപ്പോഴും എനിക്ക് അതിനെപ്പറ്റി അറിയില്ലായിരുന്നു. എൻ്റെ സഹോദരന് അത് കുറച്ചുകാലം കഴിഞ്ഞപ്പോൾ മനസിലാക്കി. എൻ്റെ പാരന്റ്സിന് അത് മനസിലാകുന്നത് പിന്നെയും കുറെ കഴിഞ്ഞാണ്.

എന്നോട് പിന്നെ ആരെങ്കിലും അതിനെപ്പറ്റി ചോദിക്കുമ്പോൾ മുഴുവൻ എനിക്ക് വീണ്ടും പാനിക് അറ്റാക് വരും. ദേഹത്ത് വേദന വന്നില്ലെങ്കിൽ പോലും എനിക്ക് വേദന ഫീൽ ചെയ്യും. അതാണ് സൈക്കോസോമാറ്റിക്. ഓരോ സിനിമ കഴിയുന്തോറും അത് കൂടിക്കൊണ്ടിരിക്കുകയായിരുന്നു.

2014ൽ എന്റെ ശരീരം എനിക്ക് വാണിങ് തന്നപ്പോൾ മുതലാണ് മെൻ്റൽ ഹെൽത്തിന് വേണ്ടിയുള്ള യാത്ര ആരംഭിക്കുന്നത്. ഒരിക്കലും നമ്മൾ മെൻ്റൽ ഹെൽത്തിനെ വകവെക്കാതിരിക്കരുത്. നമ്മൾ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കെയർ ചെയ്യുന്ന പോലെ നമ്മുടെ മെൻ്റൽ ഹെൽത്തിനെയും കെയർ ചെയ്യണം.” എന്നാണ് ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ പാർവതി പറയുന്നത്.