പാ രഞ്ജിത്ത് 'തങ്കലാന്റെ' കഥ പറഞ്ഞപ്പോൾ മുഴുവനായി എനിക്ക് മനസിലായില്ല: പാർവതി തിരുവോത്ത്

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’.

വിക്രം നായകനായെത്തുന്ന ചിത്രത്തിൽ മലയാളി താരം പാർവതി തിരുവോത്തും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി സംസാരിക്കുകയാണ് പാർവതി. ഈ 2024 ഏപ്രിലിലാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്. പാ രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ മുഴുവനായി തനിക്ക് മനസിലായില്ല എന്നാണ് പാർവതി പറയുന്നത്. കൂടാതെ ഗംഗാമാൾ എന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് താൻ അവതരിപ്പിക്കുന്നത് എന്നും പാർവതി പറയുന്നു.

“പാ രഞ്ജിത്തിൻ്റെ കോൾ വന്നത് ചടപടേന്നായിരുന്നു. പെട്ടെന്നായിരുന്നു കോൾ വന്നത്. അവരെന്നെ വിളിച്ചിട്ട് പറഞ്ഞു ഞങ്ങൾ മാസങ്ങൾ ആയിട്ട് കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയാണ് എന്ന്. എൻ്റെ നമ്പർ എല്ലാവരുടെ കയ്യിലും ഉണ്ട്. അതുപോലെ ഈമെയിലുമുണ്ട്. ഇപ്പോൾ തന്നെ ഫോൺ എടുക്കണം എന്ന് പറഞ്ഞു. പലരും എന്നെ വിളിച്ചു പറയുന്നുണ്ട്.

അദ്ദേഹവുമായി ഞാൻ ഇതിനു മുൻപ് സംസാരിച്ചിട്ടുണ്ട്. വേറെ രണ്ട് പ്രോജക്ടിന്റെ കാര്യം സംസാരിച്ചിട്ട്, അത് വർക്ക് ആയിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെറെ കൂടെ വർക്ക് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. കഥ പറഞ്ഞപ്പോഴും എനിക്ക് മുഴുവനായിട്ടും തിരിഞ്ഞിട്ടില്ല. എന്താണ് കഥാപാത്രം എന്നത് മനസിലായില്ല.

എനിക്കറിയില്ലായിരുന്നു ഞാൻ എന്നിലേക്ക് തന്നെയാണ് കുതിക്കുന്നത് എന്ന്. ഗംഗാമാൾ എന്ന് പറഞ്ഞിട്ടുള്ള സ്ത്രീ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ച സ്ത്രീയാണ്. ആ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് സിനിമയിൽ പറയുന്നത്. അപ്പോഴുള്ള സ്ത്രീകളുടെ ഹിസ്റ്ററി നമ്മൾ കേട്ടിട്ടില്ല, എഴുതപ്പെട്ടിട്ടില്ല. അത് തേടുകയാണ് പിന്നീട് ഞാൻ ചെയ്തത്.

ഗംഗമാൾ ഒരു അമ്മയാണ്. ഞാനൊരു അമ്മയല്ല. എനിക്ക് വേണമെങ്കിൽ ഒരു ഡോഗ് മോം എന്ന് പറയാം. ഞാൻ ഒരിക്കലും ഒരു മനുഷ്യ കുഞ്ഞിൻ്റെ അമ്മയല്ല. രഞ്ജിത്ത് ആദ്യം എന്നോട് പറഞ്ഞ വരികൾ ഇതായിരുന്നു ‘ഗംഗാമാൾ ഒരു അമ്മയാണ്. നിങ്ങൾ അത് ഏത് രീതിയിൽ എടുക്കുന്നു എന്നത് നിങ്ങളുടെ കയ്യിലാണ്.

അത് ഗ്രേറ്റ് ആയിരുന്നു. അത് രഞ്ജിത്തിൻ്റെ വേർഷൻ ഓഫ് അമ്മയല്ല. സ്ക്രിപ്റ്റിൽ എഴുതി വെച്ച പോലെ ഒരു കാർബൺ കോപ്പിയും അല്ല. അമ്മയ്ക്ക് എന്തൊക്കെ അർത്ഥങ്ങളുണ്ട് എന്നതിലേക്ക് പോയി ഞാൻ. എനിക്ക് ഏതൊക്കെ തരത്തിലുള്ള അമ്മയാകാൻ കഴിയും എന്നാണ് ഞാൻ നോക്കിയത്.” ഐയാം വിത്ത് ധന്യ വർമ്മ എന്ന പ്രോഗ്രാമിലാണ് പാർവതി തിരുവോത്ത് മനസുതുറന്നത്.

മാളവിക മോഹനനും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.