22-കാരിയെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ആക്രമിച്ചു..'; തസ്‌കരന്‍ മണിയന്‍ പിള്ളയുടെ അഭിമുഖം നടത്തിയ ചാനലിന് എതിരെ പാര്‍വതി തിരുവോത്ത്

സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായ വീഡിയോ ആയിരുന്നു തസ്‌കരന്‍ മണിയന്‍പിള്ള അടുത്തിടെ ഒരു ചാനലിനു നല്‍കിയ അഭിമുഖം. ‘തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന കൃതിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയാണ് മണിയന്‍പിള്ള. മോഷണകാലത്ത് 22 വയസിനടുത്ത് പ്രായമുള്ള യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞത്.

അഭിമുഖം പബ്ലിഷ് ചെയ്തതോടെ ചാനലിനും അഭിമുഖത്തിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. വീഡിയോയിലെ ഉള്ളടക്കം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അഭിമുഖം പ്രസിദ്ധീകരിച്ച ചാനലിനോട് ‘ഷെയിം ഓണ്‍ യു’ എന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പാര്‍വതി തിരുവോത്ത് കുറിച്ചു.

എന്നാല്‍ പ്രതിഷേധം കനത്തതോടെ യൂട്യൂബ് ചാനലില്‍ നിന്ന് ഇവര്‍ അഭിമുഖം നീക്കം ചെയ്തിട്ടുണ്ട്. റേപ്പിനെ മഹത്വവത്കരിക്കുന്ന രീതിയില്‍ ‘ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരി, അവളെ ഞാന്‍..’ എന്ന തമ്പ് നെയിലിനൊപ്പം നൈറ്റ് ഡ്രസില്‍ ഒരു യുവതിയുടെ ഫോട്ടോ കൂടി മങ്ങിയ പശ്ചാത്തലത്തില്‍ നല്‍കിയാണ് ചാനല്‍ വീഡിയോ പങ്കുവെച്ചത്. പ്രതിഷേധം ഉയര്‍ന്നതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു.

ഒരു പെണ്ണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെയാണ് ഇരുന്ന് പുകഴ്ത്തുന്നതെന്നും റേപ്പിനെ ലാഘവത്തോടെ സമീപിച്ച ചാനലിനെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. അഭിമുഖത്തില്‍ ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയതോടെ മണിയന്‍പിള്ളയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.