'മൂന്നു ദിവസം മുമ്പ് ഡെന്നിസേട്ടന്‍ വിളിച്ചിരുന്നു, ലോക്ഡൗണ്‍ കഴിഞ്ഞ് ഇരിക്കാമെന്നു പറഞ്ഞതാണ്'; പവര്‍സ്റ്റാര്‍ ഉറപ്പായും ചെയ്യുമെന്ന് ഒമര്‍ലുലു

ഒമര്‍ലുലു സംവിധാനം ചെയ്യുന്ന “പവര്‍സ്റ്റാര്‍” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കവെയാണ് ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വിയോഗം. ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫ് എഴുതി കഴിഞ്ഞിരുന്നു, ലോക്ഡൗണ്‍ കഴിഞ്ഞ് ഫൈനല്‍ ഡ്രാഫ്റ്റ് എഴുതാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം എന്നാണ് ഒമര്‍ലുലു പറയുന്നത്.

മൂന്നു ദിവസം മുമ്പ് ഡെന്നിസേട്ടന്‍ വിളിച്ചിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് ഇരിക്കാം എന്നു പറഞ്ഞതാണ്. പക്ഷേ, ഇത്ര വേഗം അദ്ദേഹം പോകുമെന്നു കരുതിയില്ല. അദ്ദേഹത്തിന്റെ ഒരു തിരക്കഥ സിനിമയാക്കാനാകുന്നത് തന്നെ സംബന്ധിച്ച് വലിയ അനുഗ്രഹമാണെന്നും ഒമര്‍ലുലു വനിത ഓണ്‍ലൈനോട് പ്രതികരിച്ചു.

ആ സിനിമ എന്തായാലും ചെയ്യും. ബി. ഉണ്ണികൃഷ്ണന്‍ വിളിച്ച് ഫെഫ്കയുടെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ തിരക്കഥയുടെ അവസാന മിനുക്കു പണികളില്‍ ഉദയകൃഷ്ണ ചേട്ടനും ഉണ്ണി സാറും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഒമര്‍ വ്യക്തമാക്കി.

സംവിധായകരായ പ്രമോദ് പപ്പനിലെ പപ്പേട്ടനാണ് ഡെന്നീസ് ജോസഫിനെ കാണാനായി സഹായിച്ചത് എന്നും ഒമര്‍ പറഞ്ഞു. ഒരു ദിവസം പപ്പേട്ടന് വിളിച്ചു, ഒമറിന് തിരക്കഥ കൊടുക്കരുതെന്ന് പറഞ്ഞ് ഒരുപാടു പേര് ഡെന്നിസേട്ടനെ വിളിച്ചു പറഞ്ഞുവെന്ന് അറിയിച്ചു. എന്നാല്‍ അദ്ദേഹം വാക്ക് മാറ്റില്ലെന്നും സംവിധായകന്‍ പറഞ്ഞതായി ഒമര്‍ പറഞ്ഞു.