'ക്രിയേറ്റിവ് അല്ലാത്ത ആളുകൾ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്, കഴിഞ്ഞ എട്ടുവർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറി'; ബോളിവുഡിൽ അവസരം നഷ്ടപ്പെടുന്നുവെന്ന് എ ആർ റഹ്മാൻ

ബോളിവുഡിൽ അവസരം നഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കി സംഗീത സംവിധായകൻ എ ആർ റഹ്മാൻ. കഴിഞ്ഞ എട്ടുവർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറിയെന്ന് പറഞ്ഞ എ ആർ റഹ്മാൻ ക്രിയേറ്റിവ് അല്ലാത്ത ആളുകൾ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കൂട്ടിച്ചേർത്തു. അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണെന്നും എ ആർ റഹ്മാൻ പറയുന്നു.

ബിബിസി ഏഷ്യൻ നെറ്റ്‌വർക്കുമായി നടത്തിയ അഭിമുഖത്തിലാണ് ഹിന്ദി ചലച്ചിത്രമേഖലയിലെ അധികാര മാറ്റം തന്റെ അവസരങ്ങൾ കുറച്ചതിനെ കുറിച്ച് എ ആർ റഹ്മാൻ വെളിപ്പെടു ത്തുന്നത്.കഴിഞ്ഞ എട്ടുവർഷത്തിനിടെ ബോളിവുഡ് വല്ലാതെ മാറി. അധികാരശ്രേണിയിലെ മാറ്റം വളരെ പ്രകടമാണ്. ‘ക്രിയേറ്റിവ്’ അല്ലാത്ത ആളുകൾ ആണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത്. അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നതെന്നും എ ആർ റഹ്മാൻ പറയുന്നു.

ദക്ഷിണേന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി നിലനിൽക്കാൻ കഴിഞ്ഞ ഏക സംഗീതസംവിധായകൻ താനാണെന്നും എ ആർ റഹ്മാൻ പറഞ്ഞു. ഇസൈജ്‌ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാൻ കഴിഞ്ഞതും അവർ എന്നെ സ്വീകരിച്ചതും വളരെ ചാരിതാർഥ്യമുണ്ടാക്കിയ കാര്യമാണ്. മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളിൽ താൻ സഹകരിക്കാറില്ലെന്നും എ ആർ റഹ്മാൻ പറഞ്ഞു.

‘കഴിഞ്ഞ എട്ട് വർഷമായി അധികാര മാറ്റം കൊണ്ടും സർഗാത്മകതയില്ലാത്ത ആളുകൾക്ക് ശക്തിയുള്ളതിനാലും അല്ലെങ്കിൽ വർഗീയമായ കാരണങ്ങൾ കൊണ്ടോ അങ്ങനെ സംഭവിച്ചിരിക്കാം. പക്ഷേ എൻ്റെ കുടുംബത്തോടൊപ്പം വിശ്രമിക്കാൻ എനിക്ക് കൂടുതൽ സമയമുണ്ട്. ഞാൻ ജോലി അന്വേഷിക്കുന്നില്ല. ജോലി തേടി പോകാൻ ആഗ്രഹിക്കുന്നില്ല. ജോലി എന്നിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അർഹമായത് എനിക്ക് ലഭിക്കും.’ റഹ്മാൻ പറഞ്ഞു.

Read more