അത് സത്യമല്ല..! വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ

വിവാഹത്തെക്കുറിച്ച് വരുന്ന വാർത്തകൾ നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കും മുൻപ് ലഭിച്ച വിവരത്തിലെ സത്യാവസ്ഥ മാധ്യമങ്ങൾ പരിശോധിക്കണമെന്നും നിത്യ പറഞ്ഞു. മനോരമ ഓൺലൈനോടായിരുന്നു നടിയുടെ പ്രതികരണം. നിത്യ മേനോനും മലയാള സിനിമയിലെ ഒരു പ്രമുഖ നടനും തമ്മിൽ വിവാഹിതരാകുന്നു എന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത്.

നിത്യ വിവാഹിതയാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ഇതു സംബന്ധിച്ചു നിരവധി ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്നിരുന്നു. നടിയുടെ പ്രണയത്തെക്കുറിച്ച് ധാരാളം കഥകളും സജീവമായി. എന്നാൽ, ഇവയൊന്നും സത്യമല്ലെന്നാണ് നിത്യ വെളിപ്പെടുത്തിരിക്കുന്നത്. നിലവിൽ തന്റെ ജോലിയുമായി തിരക്കിലാണ് നിത്യ

നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ’19(1)(എ)’ നിത്യ മേനോന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. തെന്നിന്ത്യൻ താരം വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്. ഇന്ദ്രജിത്ത്, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. മനീഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിക്കുന്നത് വിജയ് ശങ്കറാണ്. ഗാനരചന അൻവർ അലി.