കോളജില്‍ കൊണ്ടുപോയി ചേര്‍ക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടി:നിഖില വിമല്‍

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയക്കുന്നത് അനീതി തന്നെയാണെന്ന് നടി നിഖില വിമല്‍. 16 വയസുള്ള കുട്ടികളെ 18 വയസ്സ് എന്ന് പറഞ്ഞ് കല്യാണം നടത്തുന്ന പതിവുണ്ടെന്നും തന്റെ സുഹൃത്തുക്കളെ ഇതില്‍ പിന്തിരിപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിഖില പറഞ്ഞു.

‘പെണ്‍കുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളജില്‍ ചേര്‍ക്കും. അങ്ങനെ ചേര്‍ക്കുന്നത് തന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താന്‍ വേണ്ടിയാണ്. അതെനിക്ക് എതിര്‍പ്പുള്ള കാര്യമാണ്. എന്റെ സുഹൃത്തുക്കളെയൊക്കെ പരമാവധി പിടിച്ചുനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ടായിരുന്നു.

എങ്ങനെയെങ്കിലും പഠിച്ചിട്ട് വിവാഹം കഴിക്കൂ എന്ന് ഞാന്‍ പറയുമായിരുന്നു. കാരണം വിവാഹശേഷം അവര്‍ക്ക് അങ്ങനെയൊരു ജീവിതമുണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുള്ള ആളുകളെ സംബന്ധിച്ച് കല്യാണം കഴിക്കുക കുടുംബം നോക്കുക എന്നതായിരുന്നു വലിയ കാര്യം.

എന്നാല്‍ ഇന്നത്തെ കാര്യം അങ്ങനെയല്ലല്ലോ. പഠിക്കാനും ജോലിചെയ്യാനുമൊക്കെയുള്ള സാഹചര്യവും ജീവിതം എങ്ങനെയാകണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇന്ന് നമുക്കുണ്ടല്ലോ. 16 വയസുള്ള കുട്ടികളെ 18 വയസായി എന്നൊക്കെ പറഞ്ഞ് വിവാഹം നടത്തുന്നവരുണ്ട്. 18 വയസുപോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമാണെന്ന് തോന്നുന്നില്ല.

എപ്പോഴാണ് ഒരു കുടുംബം കൈകാര്യം ചെയ്യാന്‍ നമ്മള്‍ സ്വയം തയാറാകുന്നത് ആ സമയത്ത് കല്യാണം കഴിക്കണമെന്നാണ് എന്റെ അഭിപ്രായം,’ നിഖില വിമല്‍ പറഞ്ഞു.