ശരിക്കും സങ്കടമാണ് വരുന്നത്, സിനിമയിൽ എപ്പോഴും ട്വിസ്റ്റ് പ്രതീക്ഷിക്കുന്നത് അമിത ബാധ്യത: ജീത്തു ജോസഫ്

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. 2007 ൽ സുരേഷ് ഗോപിയെ നായകനാക്കി ‘ഡിക്ട്റ്റീവ്’ എന്ന സിനിമയിലൂടെയാണ് ജീത്തു ജോസഫ് മലയാള സിനിമയിൽ അരങ്ങേറിയത്. ദൃശ്യം എന്ന ഒരൊറ്റ സിനിമകൊണ്ട് ജീത്തു ജോസ്ഫ് ഇന്ത്യൻ സിനിമയിൽ തന്നെ അറിയപ്പെടുന്ന ഒരു സംവിധായകനായി മാറി.

ഇപ്പോഴിതാ ട്വിസ്റ്റുകൾ കൊണ്ട് ഞെട്ടിക്കുന്ന സംവിധായകൻ എന്ന് കേൾക്കുമ്പോൾ തനിക്ക് സങ്കടമാണ് വരുന്നതെന്ന് പറഞ്ഞിരിക്കുകയാണ് ജീത്തു ജോസഫ്.

“ട്വിസ്റ്റുകൾ കൊണ്ട് ഞെട്ടിക്കുന്ന ഡയറക്ടർ എന്ന് കേൾക്കുമ്പോൾ ശരിക്കും സങ്കടമാണ് വരുന്നത്. എല്ലാ സിനിമയിലും ട്വിസ്റ്റുകൾ കൊണ്ടുവരാൻ കഴിയില്ലല്ലോ. എല്ലാ തരം സിനിമകളും ചെയ്യണ്ടേ. മോഹൻലാലുമായി വീണ്ടുമൊന്നിക്കുന്ന ‘നേരിൽ’ ഇത്തരം ട്വിസ്റ്റുകൾ ഒന്നും തന്നെയില്ല. ” ജീത്തു ജോസഫ് പറഞ്ഞു.

‘മമ്മി ആന്റ് മീ’ എന്ന സിനിമ പലരും റിജക്റ്റ് ചെയ്ത സിനിമയാണെന്നും, ആ സിനിമയ്ക്ക് സ്വന്തം കുടുംബങ്ങളിലുള്ള ആൾക്കാർ തന്നെയാണ് പ്രചോദനമായതെന്നും മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ജീത്തുജോസഫ് കൂട്ടിച്ചേർത്തു.

Read more

മോഹനലാലിനെ നായകനാക്കി രണ്ട് സിനിമകളാണ് ജീത്തു ജോസഫിന്റെതായി ഇനി വരാനിരിക്കുന്നത്, ‘നേരും’ ‘റാമും’ . റാമിന് ഇനിയും 45 ദിവസത്തെ ഷൂട്ട് ബാക്കിയുണ്ട്. ശാന്തി മഹാദേവിയും ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തും.