ചില കമന്റുകള്‍ കാണുമ്പോള്‍ അമ്മയ്ക്ക് സങ്കടം വരാറുണ്ട്, എന്നെ അത് ബാധിച്ചിട്ടില്ല: നയന്‍താര ചക്രവര്‍ത്തി

ബാലതാരമായി മുപ്പതോളം സിനിമകളില്‍ തിളങ്ങിയ താരമാണ് നയന്‍താര ചക്രവര്‍ത്തി. രണ്ടര വയസില്‍ അഭിനയം തുടങ്ങിയ നയന്‍താര എസ്.എസ്.എല്‍.സിയില്‍ മികച്ച വിജയം കരസ്ഥമാക്കിയതും വാര്‍ത്തയായിരുന്നു. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അച്ഛനും അമ്മയുമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. നല്ലതും ചീത്തയുമാ ഒരുപാട് കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ഇതുവരെ ബാധിച്ചിട്ടില്ലെന്നാണ് നയന്‍താര പറയുന്നത്. തനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നാല്‍ ചില കമന്റുകള്‍ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട് അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുമെന്നും നയന്‍താര മാതൃഭൂമി ഓണ്‍ലൈനോട് പറഞ്ഞു.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളും താരം പറയുന്നുണ്ട്. കുസേലന്‍ സിനിമയില്‍ നയന്‍താരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയന്‍താരയും വേഷമിട്ടിരുന്നു. തന്നെ ആദ്യം കണ്ടപാടെ “”ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്”” എന്നായിരുന്നു ചേച്ചി പറഞ്ഞത് എന്നാണ് നയന്‍താര പറയുന്നത്.

ഇത് തന്റെ യഥാര്‍ത്ഥ പേര് തന്നെയാണ് സിനിമക്കായി മാറ്റിയതല്ല മാറ്റാനും പോകുന്നില്ലെന്നും താരം പറയുന്നു. വീട്ടുകാര്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണെന്നും നയന്‍താര പറഞ്ഞു. കിലുക്കം കിലു കിലുക്കം ആണ് താരത്തിന്റെ ആദ്യ സിനിമ. അച്ചനുറങ്ങാത്ത വീട്, ചെസ് നോട്ട്ബുക്ക്, അതിശയന്‍, ക്രേസി ഗോപാലന്‍, സൈലന്‍സ്, ലൗഡ്‌സ്പീക്കര്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ നിരവധി സിനിമകളില്‍ നയന്‍താര ബാലതാരമായി വേഷമിട്ടിട്ടുണ്ട്.