ജഗദീഷ് വന്നപ്പോള്‍ ശബ്ദമില്ല വെറും കാറ്റ് മാത്രം.. ഒടുവില്‍ കഴിയും വിധം ശബ്ദമെടുത്ത് സ്‌റ്റേജില്‍ കയറി കാശും വാങ്ങി പോക്കറ്റിലിട്ടു..: മുകേഷ്

ശബ്ദമില്ലാത്ത ജഗദീഷിനൊപ്പം സ്‌കിറ്റ് കളിച്ചതിനെ കുറിച്ച് പറഞ്ഞ് മുകേഷ്. ഒരു സ്റ്റാര്‍ ഷോയിലേക്ക് തന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയെങ്കിലും അവസാനം ജഗദീഷിന്റെ ശബ്ദം പോയി. ശബ്ദത്തിന് പകരം കാറ്റ് മാത്രമായിരുന്നു വന്നത്. സൗണ്ട് റസ്റ്റ് വേണമെന്ന് പറഞ്ഞിട്ടും തന്നാല്‍ കഴിയും വിധം ശബ്ദമെടുത്ത് ജഗദീഷ് സ്‌കിറ്റ് കളിച്ചതായാണ് മുകേഷ് പറയുന്നത്.

ജഗദീഷ് ഒരു ദിവസം അവനൊപ്പം ഒരു സ്റ്റാര്‍ ഷോയ്ക്ക് ചെല്ലാമോയെന്ന് ചോദിച്ചു ആദ്യമെല്ലാം താന്‍ ഒഴിഞ്ഞുമാറി. പക്ഷെ അവന്‍ വിട്ടില്ല. സെന്റിമെന്‍സില്‍ കേറിപിടിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍ അടിച്ച് അവന്‍ തന്നെ വീഴ്ത്തി. സൗഹൃദം പോകണ്ടല്ലോയെന്ന് കരുതി സമ്മതിച്ചു. ഇരുപത് മിനിറ്റുള്ള സ്‌കിറ്റ് അവന്‍ തയ്യാറാക്കിയിരുന്നു.

ഡയലോഗ് ഓര്‍ത്തിരുന്ന് ആള്‍ക്കാരുടെ കൂവല്‍ വാങ്ങാതെ അവതരിപ്പിച്ച് ഫലപ്പിക്കണമല്ലോയെന്ന് ഓര്‍ത്ത് തന്റെ സമാധാനം പോയി. അങ്ങനെ ഷോയുടെ ദിവസം വന്നപ്പോള്‍ അവസാന പ്രാക്ടീസിനായി ജഗദീഷ് വന്നു. പക്ഷെ ശബ്ദമില്ല വെറും കാറ്റ് മാത്രം. അവന്റെ അവസ്ഥ കണ്ട് താന്‍ ആശ്വസിച്ചു. കാരണം ജഗദീഷിന് സൗണ്ടില്ലാത്ത കാരണം സ്‌കിറ്റ് കളിക്കേണ്ടി വരില്ലല്ലോ.

പക്ഷെ അവന്‍ ശബ്ദമില്ലേലും ഏത് വിധേനയും സ്‌കിറ്റ് കളിക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അങ്ങനെയെങ്കില്‍ സ്‌കിറ്റിന് മുമ്പ് ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് അവനെയും കൂട്ടി ആശുപത്രിയില്‍ പോയി. പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു ശബ്ദം പോയതാണ് പൂര്‍ണ വിശ്രമം വേണമെന്ന്. അതുകൊണ്ട് സ്‌കിറ്റ് അവന്‍ വേണ്ടെന്ന് വെക്കുമെന്ന് കരുതി.

പക്ഷെ സമയമായപ്പോള്‍ അവന്‍ തന്നെയും വിളിച്ച് സ്‌കിറ്റിനായി സ്റ്റേജില്‍ കയറി. കൂകല്‍ വാങ്ങാനും സോറി പറയാനും തയ്യാറായി നിന്ന തന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ തന്നാല്‍ കഴിയും വിധം ശബ്ദമെടുത്ത് സ്‌കിറ്റ് മനോഹരമായി അവതരിപ്പിച്ചു. ആളുകള്‍ പൊട്ടിച്ചിരിച്ചു. സംഘാടകര്‍ പറഞ്ഞ കാശും തന്നു.

കാശ് വാങ്ങി പോക്കറ്റിലിട്ടശേഷം അവന്‍ തന്നെ നോക്കി ചിരിച്ചു. ജഗദീഷിന്റെ അവസ്ഥ അറിയാവുന്ന തങ്ങളെല്ലാം അന്തംവിട്ട് നിന്നു. തന്നോടൊപ്പം ലോക മെഡിക്കല്‍ സയന്‍സും ജഗദീഷിന്റെ മുമ്പില്‍ അന്തംവിട്ട് നിന്നു. അന്ന് ആ എപ്പിസോഡിന് വളരെ ചരിത്ര പ്രധാനമായ ഒരു ടൈറ്റില്‍ വന്നു ആ സംഭവത്തിന് ‘ആക്രാന്തം ജയിച്ചു, ശാസ്ത്രം തോറ്റു’ എന്നാണ് മുകേഷ് പറയുന്നത്.