മമ്മൂട്ടി നമ്മുടെ കെടാവിളക്ക്: എംടി വാസുദേവന്‍ നായര്‍

മലയാളത്തിന്റെ സിനിമാ കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി നമ്മുടെ കെടാവിളക്കായി നില്‍ക്കുന്നയാളാണു മമ്മൂട്ടിയെന്ന് എംടി വാസുദേവന്‍ നായര്‍. മറ്റു ഭാഷകളിലേക്കു നമ്മുടെ കെടാവിളക്കിനെ നാം കടംകൊടുക്കാറുണ്ട്, തിരിച്ചു വാങ്ങാറുമുണ്ടെന്നും അദ്ദേഹം മനോരമയിലെ ലേഖനത്തില്‍ കുറിച്ചു. നടനെന്നതിലുപരി മമ്മൂട്ടി തനിക്ക് സുഹൃത്തും സഹോദരനും ആരാധകനുമൊക്കെയാണെന്നും എംടി കൂട്ടിച്ചേര്‍ത്തു.

അധ്വാനം, ആത്മാര്‍പ്പണം, ആത്മവിശ്വാസം- ഇതെല്ലാംകൂടി ചേരുമ്പോഴാണ് ഒരു നടന്‍ ഒരു വലിയ നടനായിത്തീരുന്നത് എന്നാല്‍ ഇതിനപ്പുറം വലിയൊരു ഗുണം കൂടി മമ്മൂട്ടിയിലുണ്ടെന്നും അത് തിരക്കഥാകൃത്ത് എഴുതിവയ്ക്കുന്ന കാര്യങ്ങള്‍ക്കപ്പുറം, ഇന്നതൊക്കെ ചെയ്യണം ഇന്ന രീതിയില്‍ ചെയ്യണം എന്ന് കാണുന്നതാണെന്നും അതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതെന്നും എംടി കുറിപ്പില്‍ പറയുന്നു.

അതേസമയം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാ മേഖലയിലുള്ളവരും ആരാധകരും. താരത്തിന് ആശംസകളുമായി മോഹന്‍ലാലും എത്തിയിരുന്നു.

ഭീഷ്മ പര്‍വ്വം, പുഴു തുടങ്ങിയ സിനിമകളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ഇതിന് പുറമെ മമ്മൂട്ടി വീണ്ടുമൊരു തെലുങ്ക് ചിത്രത്തിലും അഭിനയിക്കുകയാണ്. രസകരമായ വസ്തുത തെലുങ്കില്‍ മമ്മൂട്ടി അഭിനയിക്കുന്നത് വില്ലന്‍ വേഷത്തിലാണെന്നതാണ്.